
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ആദ്യ ജയം നേടിയ ടീം എന്ന റെക്കോഡ് സ്വന്തമാക്കിക്കൊണ്ട് 251 റൺസിന്‍റെ തകർപ്പൻ വിജയത്തോടെ ഓസീസ് ആഷസ് പരമ്പരയിൽ മുന്നിലെത്തി (1–0). 6 വിക്കറ്റെടുത്ത നഥാന്‍ ലിയോണും 4 വിക്കറ്റെടുത്ത പാറ്റ് കമ്മിൻസും ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തത്.
രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്താണു മാൻ ഓഫ് ദ് മാച്ച്. സ്കോർ– ഓസീസ്: 284, 7– 478 ഡിക്ല; ഇംഗ്ലണ്ട്: 374, 146. മത്സരത്തിൽനിന്ന് ഓസീസിന് 24 പോയിന്റ് ലഭിച്ചു. പന്തു ചുരണ്ടലുമായി ബന്ധപ്പെട്ടുള്ള വിലക്കിനുശേഷം ടീമിലേക്കു മടങ്ങിയെത്തിയ താരങ്ങളെ കൂവി വിളിച്ച ഇംഗ്ലണ്ട് ആരാധകരോടുള്ള മധുര പ്രതികാരം കൂടിയായി ഓസീസിന്‍റെ വിജയം.

398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് വെറും 146 റൺസിന് ഓൾ ഔട്ടായി. തിങ്കളാഴ്ചത്തെ രണ്ടാം ഓവറിൽത്തെന്നെ ഓപ്പണർ റോറി ബേൺസിനെ (11) പുറത്താക്കിയ പാറ്റ് കമ്മിൻസാണ് ഇംഗ്ലണ്ടിന്‍റെ തകർച്ചയ്ക്കു തുടക്കമിട്ടത്. പിന്നീടു നഥാന്‍ ലിയോണിന്റെ സ്പിൻ പ്രകടനത്തിനു മുന്നിൽ ജെയ്സൻ റോയ് (28), ക്യാപ്റ്റൻ ജോ റൂട്ട് (28), ജോ ഡെൻലി (11) എന്നിവർ കൂടി പുറത്തായതോടെ ആദ്യ സെഷനിൽത്തന്നെ ഓസീസ് വിജയം മണത്തു തുടങ്ങി. കമ്മിൻസിന്‍റെ ഉജ്വല പന്തിൽ ജോസ് ബട്‌ലറുടെ (1) ഓഫ് സ്റ്റംപ് തെറിച്ചതോടെ ഇംഗ്ലണ്ട് വിറച്ചു. ബെൻ സ്റ്റോക്സ് (6), ജോണി ബെയർസ്റ്റോ (6) എന്നിവരും നിരാശപ്പെടുത്തി.
ആദ്യ ഇന്നിങ്സിൽ പിന്നോട്ടു പോയെങ്കിലും ടീം എന്ന നിലയിൽ ഉറച്ചുനിന്നുള്ള പോരോട്ടത്തിന് ഒടുവിലാണ് ഓസീസ് വിജയം പിടിച്ചെടുത്തത്. ടീമിലേക്കുള്ള തിരിച്ചുവരവിൽ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്ത് (144, 142), ആദ്യ ഇന്നിങ്സിൽ ബാറ്റുകൊണ്ടു ചെറുത്തുനിന്ന പീറ്റർ സിഡിൽ (44), രണ്ടാം ഇന്നിങ്സിൽ സ്മിത്തിനൊപ്പം ഉറച്ചുനിന്ന മാത്യു വെയ്ഡ് (110), അർധ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് (51), വാലറ്റത്തെ തകർപ്പൻ ബാറ്റിങ്ങിലൂടെ ഓസീസിന്‍റെ ലീഡ് ഉയർത്തിയ ജയിംസ് പാറ്റിൻസൻ (47 നോട്ടൗട്ട്), പാറ്റ് കമ്മിൻസ് (26 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് ഓസീസ് ജയത്തിൽ നിർണായകമായി.
