
രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒരു സീറ്റു പോലും നേടാനാകാതെ കോണ്‍ഗ്രസ്സ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ചണ്ഡിഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, ഡല്‍ഹി, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ്സിന് ഒരു സീറ്റു പോലുമില്ലാത്തത്.
കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും അഭിമാനകരമെന്ന് ഉറച്ച് പറയാവുന്ന ഒരു വിജയം കോണ്‍ഗ്രസ്സിനുണ്ടായിട്ടില്ല. കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ്സിന് സീറ്റില്ല. മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം നേടിയത് 41 സീറ്റുകളാണ്. ബിഹാര്‍, ഗോവ, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, ഒഡിഷ, പുതുച്ചേരി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്.

ഒരു സീറ്റ് മാത്രമുള്ള പുതുച്ചേരിയൊഴിച്ചാല്‍ മറ്റിടങ്ങളില്‍ വന്‍ ചുരുങ്ങലാണ് കോണ്‍ഗ്രസ്സിന് സംഭവിച്ചിരിക്കുന്നതെന്നു കാണാം. മഹാരാഷ്ട്രയിലെ കാര്യം മാത്രമെടുത്താല്‍ തിരിച്ചടി കോണ്‍ഗ്രസ്സിനു മാത്രമല്ലെന്നു കാണാം. എന്‍.സി.പിക്കും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ആകെ 4 സീറ്റ് മാത്രമാണ് എന്‍.സി.പി നേടിയത്. കര്‍ണാടകയിലാകട്ടെ കോണ്‍ഗ്രസ്സ്-ജനതാദള്‍ സഖ്യം വെറും 2 സീറ്റിലേക്ക് താഴ്ത്തപ്പെട്ടു.
കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന് ആശ്വാസമേകിയത് പഞ്ചാബ് മാത്രമാണ്. ഇവിടെ ബി.ജെ.പി 2 സീറ്റ് മാത്രമാണ് നേടിയത്. കോണ്‍ഗ്രസ്സ് എട്ടും എ.എ.പി ഒന്നും സീറ്റുകള്‍ നേടി. ആകെ 13 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. തമിഴ്നാടാണ് കോണ്‍ഗ്രസ്സിന് ആശ്വാസം നല്‍കിയ മറ്റൊരു സംസ്ഥാനം. ഇവിടെ 35 സീറ്റുകളില്‍ ഏഴെണ്ണം നേടാന്‍ കോണ്‍ഗ്രസ്സിനായി. ഡി.എം.കെയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ്സ് ഇവിടെ.
