ലോക്സഭയില്‍ അവിശ്വാസം: ബി.ജെ.പി യ്ക്ക് തിരിച്ചടി നല്‍കി ശിവസേന വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കും

  • Post category:news
  • Reading time:2 mins read
You are currently viewing ലോക്സഭയില്‍ അവിശ്വാസം: ബി.ജെ.പി യ്ക്ക് തിരിച്ചടി നല്‍കി  ശിവസേന വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭാ പരിഗണിക്കും. നാലു വര്‍ഷം പൂര്‍ത്തിയായ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ട് വരുന്ന ആദ്യ അവിശ്വാസ പ്രമേയമാണ് ഇന്ന് ലോക്സഭ ചര്‍ച്ചക്കെടുക്കുന്നത്. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കില്‍ അവിശ്വാസ പ്രമേയം ലോക്സഭയില്‍ പരാജയപ്പെടാനാണ് സാധ്യത. അതേസമയം, ബി.ജെ.പി യ്ക്ക് തിരിച്ചടി നല്‍കി ശിവസേന വിപ്പ് പിന്‍വലിച്ചു. സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ക്ക് നല്‍കിയ വിപ്പാണ് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പിന്‍വലിച്ചിരിക്കുന്നത്. ശിവസേന വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കും. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിപിന്തുണ ഉറപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുന്നത്.
എ.ഐ.എഡി.എം.കെ, തെലുങ്കാന രാഷ്ട്രസമിതി, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ പ്രമേയത്തിന്റെ വോട്ട് എടുപ്പില്‍ നിന്ന് വിട്ടു നിന്നേക്കും. അതേസമയം പ്രമേയത്തിന് അനുകൂലമായ പിന്തുണ ഉറപ്പാക്കുന്നതിന് കോണ്‍ഗ്രസ് വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോട് ആശയവിനിമയം തുടരുക ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് അവിശ്വാസ പ്രമേയത്തിന് മേല്‍ നടന്ന ചര്‍ച്ചക്ക് മറുപടി നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. നിലവില്‍ പത്ത് ഒഴിവുകള്‍ ഉള്ള ലോക്സഭയില്‍ പ്രമേയം പാസ്സാകണം എങ്കില്‍ 266 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന്റെ 48 എംപി മാരുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ 34 എംപി മാരുടെയും തെലുഗുദേശം പാര്‍ട്ടിയുടെ 15 എംപിമാരുടെയും പിന്തുണയ്ക്ക് പുറമെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുള്ള പാര്‍ട്ടികള്‍ സിപിഐഎം. എന്‍സിപി, ആം ആദ്മി പാര്‍ട്ടി, ആര്‍ജെഡി, മുസ്ലിം ലീഗ്, ജെഡിഎസ്, രാഷ്ട്രീയ ലോക്ദള്‍, ജെഎംഎം, ആര്‍എസ്പി എന്നിവയാണ്. എല്ലാം കൂടി ചേര്‍ത്താല്‍ 129 എംപി മാര്‍.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, തൊഴിലില്ലാഴ്മ തുടങ്ങിയ വിഷയങ്ങളാകും പ്രതിപക്ഷം ഉന്നയിക്കുക. അതേസമയം, പ്രതിപക്ഷത്തിനെതിരെ ശക്തമായ വിമര്‍ശനം അവിശ്വാസ പ്രമേയ ചര്‍ച്ചക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുമെന്നാണ് സൂചന. വേണ്ടത്ര അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ആയില്ലെങ്കില്‍ പ്രതിപക്ഷം നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് ശേഷം സഭയില്‍ നിന്ന് ഇറങ്ങി പോകുമെന്നാണ് ബി.ജെ.പി നേതാക്കളുടെ കണക്കുകൂട്ടല്‍.

0Shares