ബ്രിട്ടണ്‍: റോഡപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്നായ അമിത വേഗത എന്നും ഒരു ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ‘കണ്‍കേഴ്സ് ഓഫ് എലഗന്‍സ്’ മോട്ടോര്‍ ഷോയില്‍ താരമാകാന്‍ ഒരുങ്ങുന്നത് ലോകത്ത് ആദ്യമായി അമിത വേഗതയ്ക്ക് പിടികൂടിയ കാറാണെന്നതാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം. 1896ല്‍ ബ്രിട്ടണിലാണ് ലോകത്ത് ആദ്യമായി അമിതവേഗതയെ തുടര്‍ന്ന് ഒരു കാറിനെ പിടികൂടുന്നത്. മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചതിന് ‘1896 ബെന്‍സ് മോട്ടോര്‍ കാരെയ്ജി’നെ പൊലീസ് സൈക്കിളില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അക്കാലത്ത് നിശ്ചയിച്ചിരുന്ന വേഗപരിധിയുടെ നാല് മടങ്ങ് വേഗതയിലാണ് 1896 മോട്ടോര്‍ കാര്യേജ് സഞ്ചരിച്ചത്. വാഹനത്തെ അമിത വേഗതയില്‍ ഓടിച്ചതിന് ഒരു ഷില്ലിംഗ് (0.62 രൂപ)യാണ് ഡ്രൈവറായ വാള്‍ട്ടര്‍ അര്‍നോള്‍ഡിന് പിഴ ചുമത്തിയത്.
മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗ പരിധി ലംഘിച്ചതിനും കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തി ഡ്രൈവ് ചെയ്തു എന്നതുമാണ് വാള്‍ട്ടര്‍ അര്‍നോള്‍ഡിന് എതിരെ ചുമത്തിയ കുറ്റം. ആദ്യമായി ബെന്‍സ് കാര്‍ വില്‍ക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയവരുടെ പട്ടികയില്‍ വാള്‍ട്ടര്‍ അര്‍നോള്‍ഡുമുണ്ട് എന്നത് ശ്രദ്ധേയം. മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗപരിധി എന്നത് 22.5 കിലോമീറ്ററായി പുന:ക്രമീകരിച്ചതിന് പിന്നാലെ ലണ്ടന്‍ മുതല്‍ ബ്രൈട്ടണ്‍ വരെ വാള്‍ട്ടര്‍ അര്‍നോള്‍ഡ് കാറില്‍ യാത്ര നടത്തി. വാള്‍ട്ടര്‍ അര്‍നോള്‍ഡ് അന്ന് നടത്തിയ യാത്രയുടെ സ്മരണ പുതുക്കി ഇന്നും റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് വാര്‍ഷിക വെറ്ററന്‍ കാര്‍ റണ്‍ സംഘടിപ്പിക്കുന്നുണ്ട്. 1905 ന് മുമ്പുള്ള കാറുകളെ മാത്രമാണ് ഈ റാലിയില്‍ പങ്കെടുപ്പിക്കുന്നത്. ‘ഹാംടണ്‍’ കൊട്ടാരത്തില്‍ വെച്ച് നടക്കാനിരിക്കുന്ന മോട്ടോര്‍ ഷോയില്‍ ലോകത്ത് ആദ്യമായി അമിത വേഗതയ്ക്ക് പിഴചുമത്തിയ വാള്‍ട്ടര്‍ ആര്‍നോള്‍ഡിന്റെ ബെന്‍സ് മോട്ടോര്‍ കാരെയ്ജ് പ്രദര്‍ശനത്തിന് എത്തും.