ലോകത്തെ പ്രധാന ജനാധിപത്യരാജ്യങ്ങളെല്ലാം ബാലറ്റ് സമ്പ്രദായമാണ് അവലംബിക്കുന്നത്; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്തണം; ഇന്ത്യ പഴയ ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്തെ പ്രധാന ജനാധിപത്യരാജ്യങ്ങളെല്ലാം ബാലറ്റ് സമ്പ്രദായമാണ് അവലംബിക്കുന്നത്; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്തണം; ഇന്ത്യ പഴയ ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി : തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി പഴയ ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്. യഥാര്‍ഥ ജനവിധി അട്ടിമറിക്കുന്നതരത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നതായി രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുജനങ്ങളും ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഈയാവശ്യം ഉന്നയിക്കുന്നതെന്ന് എ.ഐ.സി.സി.യുടെ പ്ലീനറി സമ്മേളനത്തില്‍ അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.

ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വന്‍വിജയം നേടിയ പശ്ചാത്തലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കി. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് കൂടി വോട്ടിങ് യന്ത്രത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ ഇക്കാര്യം വരുംദിവസങ്ങളില്‍ പ്രധാന ചര്‍ച്ചയായേക്കും. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രമേയം അവതരിപ്പിച്ചത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് എ.ഐ.സി.സി.യുടെ 84-ാമത് പ്ലീനറി സമ്മേളനം നടക്കുന്നത്.

ലോകത്തെ പ്രധാന ജനാധിപത്യരാജ്യങ്ങളെല്ലാം ബാലറ്റ് സമ്പ്രദായമാണ് അവലംബിക്കുന്നതെന്ന് രാഷ്ട്രീയപ്രമേയത്തില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ പ്രക്രിയകള്‍ സുതാര്യമായിരിക്കണം. തിരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണ് -പ്രമേയത്തില്‍ പറഞ്ഞു.

0Shares