
ന്യൂഡല്‍ഹി: .ബി. ബി. സി തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജ് ഇടം നേടി. ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സകലെ പൊരുതി തോറ്റെങ്കിലും തലയുയര്‍ത്തി മടങ്ങിയ മിതാലി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയാണ് മടങ്ങിയത്. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത മിതാലി രണ്ട് വട്ടം ഇന്ത്യന്‍ ടീമിനെ ഫൈനലിലെത്തിച്ചിട്ടുണ്ട്. ആ നേട്ടത്തിന്റെ അംഗീകരമാണിത്.
ക്രിക്കറ്റ് ലോകത്ത് നിന്നും സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നുവന്നിട്ടുള്ള പേരുകള്‍ ഭൂരിഭാഗവും പുരുഷന്‍മാരുടേതു മാത്രമായിരുന്നു. വനിതകളില്‍ നിന്നും ഒരാളുടെ പേരു പോലും ഇത്രയും കാലം ഉയര്‍ന്നുവന്നിരുന്നില്ല. എന്നാല്‍ മിതാലിയിലൂടെ ഈ നേട്ടം വനിതാ ക്രിക്കറ്റ് ലോകം കൈവരിച്ചിരിക്കുന്നു. 18 വര്‍ഷങ്ങള്‍ കൊണ്ട് എക്കാലത്തേയും മികച്ച വനിതാ ക്രിക്കറ്ററായി മിതാലി രാജ് എന്ന പേര് സ്ഥാപിച്ചെടുക്കാന്‍ ഇന്ത്യയുടെ ഈ സുപ്പര്‍ വുമണിനു കഴിഞ്ഞു. 2017ല്‍ 34-ാം വയസ്സില്‍ എത്തിനില്‍ക്കുമ്പോള്‍ അടുപ്പിച്ച് ഏഴ് അര്‍ദ്ധസെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് നേട്ടത്തോടെ മിതാലിയുടെ ശരാശരി 148.33 ആണ്. ജാവേദ് മിയാന്‍ദാദ് മാത്രമാണ് അര്‍ദ്ധസെഞ്ചുറികളുടെ ഈ നേട്ടത്തില്‍ മിതാലിക്ക് മുന്നിലായി ഉള്ളത്. അടുപ്പിച്ച് ഒന്‍പത് അര്‍ദ്ധസെഞ്ചുറികളാണ് ജാവേദ് നേടിയിട്ടുള്ളത്.
എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകളായ മിതാലി രാജ് 10-ാം വയസില്‍ തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചതാണ്. മടി മാറാനായാണ് 10 വയസുള്ള മിതാലിയെ മാതാപിതാക്കള്‍ സെന്റ് ജോണ്‍സ് ക്രിക്കറ്റ് കോച്ചിംഗ് ക്യാംപില്‍ ചേര്‍ത്തത്. മുന്‍ ഹൈദ്രാബാദ് രഞ്ജി കളിക്കാരിയായ ജ്യോതി പ്രസാദ് ആയിരുന്നു മിതാലിയുടെ ആദ്യ കോച്ച്. അന്താരാഷ്ട്ര ഏകദിനത്തില്‍ സ്വന്തം പേരില്‍ സെഞ്ചുറി കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി. 1999ല്‍ ഐയര്‍ലന്‍ഡിനെതിരെ കളിച്ച അരങ്ങറ്റ മല്‍സരത്തില്‍ പുറത്താകാതെ നേടിയ 114ആണ് മിതാലിയുടെ ആദ്യ സെഞ്ചുറി. അപ്പോള്‍ മിതാലിയുടെ പ്രായം 16 വയസ്സും 250 ദിവസവും.
19-ാം വയസിലാകട്ടെ മൂന്നാം ടെസ്റ്റ് മല്‍സരത്തില്‍ കാരണ്‍ റോള്‍ട്ടന്റെ റെക്കോര്‍ഡ് തകര്‍ത്ത് ലോകത്തെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറര്‍ എന്ന പട്ടം സ്വന്തമാക്കി. 2004ല്‍ 21-ാം വയസ്സിലാണ് മിതാലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുന്നത്. ഇന്ത്യയുടെ ഏറ്റവു പ്രായം കുറഞ്ഞ ക്യാപ്റ്റന്‍. 100മല്‍സരങ്ങളില്‍ ടീമിനെ നയിച്ചു. ഒരു ഇന്ത്യന്‍ വനിത ഇതിനുമുമ്പ് ഇത്രയധികം മാച്ചുകളില്‍ ടീമിനെ നയിച്ചിട്ടില്ല. 2005 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പ് കിരീടത്തിലേക്കും 2005-2008ന് ഇടയില്‍ മൂന്ന് ഏഷ്യാ കപ്പ് ജയങ്ങളിലേക്കും മിതാലി ടീം ഇന്ത്യയെ നയിച്ചു. അഞ്ച് സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള മിതാലി തന്നെയാണ് ഏറ്റവുമധികം 90 സ്‌കോര്‍ ചെയ്തിട്ടുള്ള താരവും. 17വര്‍ഷം നീണ്ട കരിയറിനിടയില്‍ അഞ്ച് 90കള്‍ മിതാലിയുടെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്. -2003ല്‍ അര്‍ജുനാ അവാര്‍ഡ്, 2015ല്‍ പദ്മശ്രീ തുടങ്ങിയ അവാര്‍ഡുകള്‍ നല്‍കികൊണ്ട് രാജ്യം ഈ വനിതാ താരത്തെ ആദരിച്ചു. 2015ല്‍ ആറ് വിസ്‌ഡെന്‍ ഇന്ത്യ ക്രിക്കറ്റേഴ്‌സ് ഓഫ് ദി ഇയര്‍ നേടിയവരിലെ ഏക വനിതാ പ്രതിനിധി മിതാലി മാത്രമായിരുന്നു.
