ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു; വിമർശനവുമായി ‘ദി എക്കണോമിസ്റ്റ്’ മാസിക

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു; വിമർശനവുമായി ‘ദി എക്കണോമിസ്റ്റ്’ മാസിക

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ദി എക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് മാസികയുടെ വിമര്‍ശനം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എക്കണോമിസ്റ്റ് മാസികയുടെ വിമര്‍ശനം.

മാസികയുടെ കവര്‍ സ്‌റ്റോറിയിലാണ് രൂക്ഷമായ വിമര്‍ശനമുള്ളത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ചേര്‍ന്ന് ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അപകടത്തിലാക്കുന്നതെങ്ങനെയെന്ന് ഇതിന്‍റെ കവര്‍ ചിത്രം ട്വീറ്റ് ചെയ്യവേ മാസിക കുറിച്ചു.

മോദി രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നുവെന്നും രാജ്യത്തെ ഹിന്ദുരാജ്യമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതായി 20 കോടിയോളം വരുന്ന മുസ്‌ലിം ജനത ഭയക്കുന്നുവെന്നും മാസികയിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.രാമജന്മഭൂമി പ്രക്ഷോഭകാലം മുതലിങ്ങോട്ടുള്ള ബി.ജെ.പിയുടെ വളര്‍ച്ച വിശദീകരിക്കുന്ന ലേഖനത്തില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും നേട്ടങ്ങള്‍ കൊയ്യുന്നുവെന്നും വിമര്‍ശിക്കുന്നു.

അസഹിഷ്ണുത ഇന്ത്യ എന്ന പേരിലാണ് ലേഖനം. അതേസമയം ലേഖനത്തിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. എക്കണോമിസ്റ്റ് മാസികയ്‌ക്കെതിരെ കോളോണിയല്‍ ചിന്താഗതിയുള്ള ധിക്കാരിയെന്നാണ് ബി.ജെ.പി നേതാവ് ഡോ. വിജയ് ചൗത്തായ്‌വാലെ ലേഖനത്തോട് പ്രതികരിച്ചത്. ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 10 പോയിന്റ് കുറച്ച് എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

പൗരത്വത്തിന് മതം പരിശോധിക്കുന്ന ഭേദഗതി ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ്‌ കടുത്ത വിമര്‍ശനവുമായി മാസിക കവര്‍ സ്റ്റോറിയെഴുതുന്നത്.

0Shares