ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത; ശസ്ത്രക്രിയക്കായി ഇന്ത്യയിൽ എത്തും; നിർമിക്കുന്നത് രണ്ട് കോടി രൂപ ചെലവില്‍ താത്കാലിക കെട്ടിടം.

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത; ശസ്ത്രക്രിയക്കായി ഇന്ത്യയിൽ എത്തും; നിർമിക്കുന്നത് രണ്ട് കോടി രൂപ ചെലവില്‍ താത്കാലിക കെട്ടിടം.

മുംബൈ: അമിതഭാരം കൊണ്ട് ദുരിതമനുഭവിക്കുന്ന ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിതയ്ക്ക് ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയക്കായി രണ്ട് കോടി രൂപ ചെലവില്‍ മുംബൈയില്‍ താല്‍കാലിക കെട്ടിടമൊരുങ്ങുന്നു. വീഡിയോ കോണ്‍ഫ്രന്‍സ് സൗകര്യമുള്ള ഒരു മുറി, തീവ്രപരിചരണ വിഭാഗം, ശസ്ത്രക്രിയ മുറി, രണ്ട് വിശ്രമമുറി എന്നിവയാണ് കെട്ടിടത്തില്‍ തയ്യാറാക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാലും തുടര്‍ ചികിത്സയ്ക്കു വേണ്ടി ആറുമാസം വരെ ഇവിടെ തന്നെ കഴിയേണ്ടി വരും ഇവര്‍ക്ക്.

500 കിലോ തൂക്കമുള്ള കെയ്‌റോ സ്വദേശിനിയായ ഇമാന്‍ അഹമ്മദിനയാണ് ലോകത്തിലെ ഏറ്റവും തൂക്കമുള്ള സ്ത്രീ എന്ന പദവിയുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇമാനെ ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സിക്കാന്‍ സാധിക്കാത്തതിനാലാണ് മുംബൈയിലെ സൈഫി ആശുപത്രിയില്‍ താത്കാലിക കെട്ടിടമൊരുങ്ങുന്നത്. ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫാസല്‍ ലക്ഡവാലയുടെ നേതൃത്വത്തിലാണ് ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയ നടക്കുക. സൗജന്യമായാണ് ശസ്ത്രക്രിയയും തുടര്‍ ചികിത്സയും നടക്കുന്നത്. പ്രത്യേക വിമാനത്തില്‍ ഇമാനെ ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്.

25 വര്‍ഷത്തിലധികമായി താന്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങുവാന്‍ പോലും ബദ്ധിമുട്ടുന്നുവെന്നാണ് ഈ 36 കാരി പറയുന്നു. പ്രമേഹം, ആസ്തമ, രക്താതി സമ്മര്‍ദം, ശ്വാസകോശ സംബന്ധമായ അസുഖം, വിഷാദ രോഗം മുതലായവയും ഇമാനെ അലട്ടുന്നുണ്ട്. പക്ഷാഘാതം വന്ന് കിടപ്പിലായ ഇമാനെ സുശ്രൂഷിക്കുന്നത് സഹോദരിയാണ്. ഒറ്റയ്ക്ക സഞ്ചരിക്കാന്‍ സാധിക്കില്ല എന്ന കാരണത്താല്‍ കെയ്‌റോയിലെ ഇന്ത്യന്‍ എംബസി ഇമാന് വിസ നിഷേധിച്ചിരിക്കുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഇമാന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തു കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares