ലോകത്തിലെ അത്യപൂര്‍വ്വമായ കാഴ്ച്ചയൊരുക്കി പ്രിന്‍സസ് ജൂലിയാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്.

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്തിലെ അത്യപൂര്‍വ്വമായ കാഴ്ച്ചയൊരുക്കി പ്രിന്‍സസ് ജൂലിയാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്.

കരീബിയ: തലയ്ക്ക് തൊട്ട് മുകളില്‍ കൂടി വിമാനം പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന മാസ്മരിക കാഴ്ചയ്ക്ക് നിങ്ങള്‍ എപ്പോഴേങ്കിലും സാക്ഷ്യം വഹിച്ചിട്ടുണ്ടോ? സെനറ് മാര്‍ടിനിലെ മാഹോ ബീച്ച് അത്തരമൊരു കാഴ്ചയാണ് സമ്മാനിക്കുന്നത്. വെള്ള വിരിച്ച മണല്‍ത്തിട്ടകളും നീലതിരമാലകളും കൊണ്ട് മനോഹരമായ മാഹോ ബീച്ച് കരീബിയയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വളരെ ശ്രദ്ധേയമാണ്. മാഹോ ബീച്ചിന്റെ സൗന്ദര്യത്തിലുപരി മനുഷ്യനിര്‍മിത അദ്ഭുതത്തിന്‌റെ സാന്നിദ്ധ്യംകൂടി ഈ ബീച്ചിനെ കൂടുതല്‍ മനോഹരമാക്കുന്നു. ബീച്ചിന് സമീപത്തായുള്ള പ്രിന്‍സസ് ജൂലിയാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ടാണ് ഈ മഹാത്ഭുതം. ബിച്ചിന് വളരെ അടുത്തായിട്ടാണ് റണ്‍വെ എന്നതിനാല്‍ വളരെ താഴ്ന്ന ഓള്‍റ്റിട്യൂഡിലായിരിക്കും വിമാനങ്ങള്‍ പറക്കുക. ഇത് ഏവരേയും അമ്പരിപ്പിക്കുന്നൊരു കാഴ്ചയാണ്.

ചാടിതൊടാന്‍ പാകത്തിലായിരിക്കും വിമാനങ്ങള്‍ ബീച്ച് വഴി കടന്നുപോവുക. പഞ്ചാരമണല്‍ത്തിട്ടയേയും വിനോദസഞ്ചാരികളെയും തൊട്ടുതൊട്ടില്ലെന്നമട്ടില്‍ താഴ്ന്നുപറക്കുന്ന ഈ സുന്ദരക്കാഴ്ച കാണാന്‍ എത്തുന്ന വിനോദസഞ്ചാരികളും നിരവധിയാണ്. ഈ അത്യപൂര്‍വ്വ കാഴ്ച സമ്മാനിക്കുന്ന ഒരേയൊരു ബീച്ചാണ് മാഹോ ബീച്ച്. റണ്‍വെ ബീച്ചിന് സമീപത്തായതിനാല്‍ ഭൂപരപ്പില്‍ നിന്ന് നൂറ് അടി ഉയരത്തിലായിരിക്കും വിമാനങ്ങള്‍ പറക്കുക. അത്യപൂര്‍വ്വമായ കാഴ്ചയായിരുന്നാല്‍ കൂടി വളരെ അപകടവുമേറിയതാണ്. വിമാനങ്ങള്‍ പറക്കുമ്പോള്‍ ജെറ്റ് ബ്ലാസ്റ്റെന്നൊരു (എന്‍ജിനില്‍ നിന്നും പ്രവഹിക്കുന്ന ശക്തമായ വായുപ്രവാഹം) പ്രതിഭാസമുണ്ടാകാറുണ്ട്. എന്‍ജിനില്‍ നിന്നുമുള്ള വായു പ്രവാഹത്തില്‍ ആളുകള്‍ ദൂരേക്ക് തെറിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ബീച്ചിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന 2,300 മീറ്റര്‍ നീളമുള്ള പത്താം നമ്പര്‍ റണ്‍വെയില്‍ നിന്നും പൊങ്ങുന്ന വിമാനങ്ങളില്‍ നിന്നുണ്ടാകുന്ന ജെറ്റ് ബ്ലാസ്റ്റില്‍ നിരവധിയാളുകള്‍ക്ക് അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ വലിയ മതില്‍കെട്ടി റണ്‍വേയും ബീച്ചും വേര്‍തിരിച്ചിരിക്കുകയാണ്.1942ല്‍ മിലിട്ടറി എയര്‍സ്ട്രിപ്പായിട്ടാണ് ഈ എയര്‍പോര്‍ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പിന്നീടിത് സിവില്യന്‍ എയര്‍പോര്‍ടായി മാറുകയും രണ്ടായിരത്തിയൊന്നില്‍ എയര്‍പോര്‍ട് കൂടുതല്‍ വിപുലീകരിച്ചു. വിനോദ സഞ്ചാരസാധ്യതകള്‍ വര്‍ധിച്ചപ്പോള്‍ പുതിയ ടെര്‍മിനലുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിച്ച് ഇന്നു കാണുന്ന പ്രിന്‍സസ് ജൂലിയാന ഇനറര്‍നാഷണല്‍ എയര്‍പോര്‍ടായി മാറുകയായിരുന്നു.

0Shares