
ന്യുഡല്‍ഹി: ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. ലൈംഗിക അതിപ്രസരമുള്ള ഭാഗങ്ങള്‍ ഇല്ലെങ്കില്‍ പകല്‍ സമയത്തും പരസ്യം കാണിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന വിധത്തില്‍ ലൈംഗിക പരാമര്‍ശം ചേര്‍ക്കാത്തതും സുരക്ഷിത ലൈംഗികതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതുമായ പരസ്യങ്ങള്‍ നിരോധിത സമയത്തും പ്രക്ഷേപണം ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിലക്കില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു.പകല്‍ ആറിനും രാത്രി പത്തുമണിക്കും ഇടയ്ക്ക് ഇത്തരം പരസ്യങ്ങള്‍ ദൃശ്യ മാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുന്നത് മന്ത്രാലയം ഈ മാസം 11ന് വിലക്കിയിരുന്നു.
അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചി സാഹചര്യത്തില്‍ അവര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതോടെയാണ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ പ്രക്ഷകര്‍ കൂടുതലുള്ള സമയത്ത് കാണിക്കേണ്ടെന്ന തീരുമാനമുണ്ടായത്. കൗണ്‍സിലിന് ലഭിച്ച പരാതികള്‍ മാത്രമല്ല ഗുജറാത്തില്‍ നവരാത്രിയോടനുബന്ധിച്ച് മാന്‍ഫോഴ്‌സ് എന്ന കോണ്ടം കമ്പനി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളും ഉറകളുടെ പരസ്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കാരണമായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സണ്ണി ലിയോണിനെ മോഡലാക്കിയുള്ള മാന്‍ഫോഴ്‌സിന്റെ പരസ്യ ഹോര്‍ഡിംഗുകള്‍ ”ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ….” എന്ന അടിക്കുറിപ്പോടെ ഗുജറാത്തിലെ പ്രധാനനഗരങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
