തിരുവനന്തപുരം: ലൈംഗികപീഡനപരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയെ സി.പി.എം പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറ് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് ഒടുവില്‍ ഈ തീരുമാനമെടുത്തത്. ഡി.വൈ.എഫ്.ഐ വനിതാനേതാവാണ് പി.കെ.ശശിയ്‌ക്കെതിരെ പീഡനപരാതി ഉന്നയിച്ചത്. ഇതുസംബന്ധിച്ച് പാര്‍ടി അന്വേഷണം നടത്തിയിരുന്നു.
സംസ്ഥാനസമിതിയ്ക്ക് ശശി നല്‍കിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയില്‍ തീരുമാനമായത്.
ശശിയ്‌ക്കെതിരായ പരാതിയെച്ചൊല്ലി കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമാണെന്നാണ് എ.കെ.ബാലന്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ അതല്ലെന്ന് പി.കെ.ശ്രീമതിയും നിലപാടെടുത്തതോടെയാണ് പാര്‍ടിയില്‍ വിവാദം കൊഴുത്തത്. എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഏകകണ്ഠമായാണെന്നുമാണ് വിവരം. പരാതി ഉന്നയിച്ചിട്ടും നേതൃത്വം മെല്ലേപോക്ക് നയമാണ് സ്വീകരിച്ചതെന്ന് പരക്കെ അഭിപ്രായമുയര്‍ന്നിരുന്നു. അതിനിടേ ശശി പാര്‍ട്ടി ജാഥ നയിയ്ക്കുകയും മുഖ്യധാരയിലേക്ക് വരികയും ചെയ്തത് ചെറുതല്ലാത്ത പ്രതിഷേധമുണ്ടാക്കി. ശശിയ്‌ക്കെതിരായ നടപടി വൈകുന്നതില്‍ അതൃപ്തിയുമായി വി.എസ്.ഇന്നലെ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശശിയ്‌ക്കെതിരെ നേതൃത്വം കടുത്ത നടപടിയെടുക്കുന്നത്.
ലൈംഗികപീഡന പരാതിയില്‍ പി.കെ.ശശിയ്‌ക്കെതിരെ കടുത്ത നടപടിയുമായി സി.പി.എം; പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറ് മാസത്തേയ്ക്ക് സസ്‌പെന്‍ഷന്‍