മാഡ്രിഡ്: ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന്. ലീഗിലെ അവസാന മത്സരത്തില്‍ റയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മലാഗയെ കീഴടക്കി ചാമ്പ്യന്‍മാരായി.സമനിലയായാലും റയലിന്‍ കിരീടം അര്‍ഹിക്കുന്നതായിരുന്നു.നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് റയല്‍ ലാ ലിഗ കിരീടം സ്വന്തമാക്കുന്നത്. റയല്‍ മാഡ്രിഡ് സ്വന്തമാക്കുന്ന മുപ്പത്തിമൂന്നാമത് ലാ ലിഗ കിരീടമാണിത്.രണ്ടാം മിനുട്ടില്‍ തന്നെ റയലിനെ മുന്നിലെത്തിച്ച് സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫോം പ്രദര്‍ശിപ്പിച്ചു. അവസാന ഒമ്പത് മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ നേടുന്ന പതിനാലാം ഗോളാണിത്. മലാഗക്കെതിരെ രണ്ടാം ഗോള്‍ അമ്പത്തഞ്ചാം മിനുട്ടില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സിമ നേടി

കിരീടപ്പോരില്‍ ബാഴ്സയെ റയല്‍ പിന്തള്ളിയത് മൂന്ന് പോയിന്റിന്. അവസാന മത്സരത്തില്‍ ബാഴ്സലോണ രണ്ട് ഗോളിന്‍ പിറകില്‍ നിന്ന ശേഷം 4-2ന് എയ്ബറിനെ തോല്‍പ്പിച്ചിരുന്നു. 38 മത്സരങ്ങളില്‍ 90 പോയിന്റുമായി ടേബിളില്‍ ബാഴ്സക്ക് രണ്ടാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ. റയല്‍ തോറ്റിരുന്നെങ്കില്‍ ബാഴ്സക്ക് ചാമ്പ്യന്‍മാരാകാമായിരുന്നു. 38 മത്സരങ്ങളില്‍ റയലിന് 93 പോയിന്റാണ്.
പതിനെട്ട് മാസത്തിനിടെ സിദാന്‍ റയലിനെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി, ഇപ്പോളിതാ ലാ ലിഗ ജേതാക്കളാക്കി. തുടരെ രണ്ടാം സീസണിലും സിദാന്റെ ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനിലെത്തിയിരിക്കുന്നു. ജൂണ്‍ നാലിന് കാര്‍ഡിഫില്‍ യുവെന്റസാണ് റയലിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എതിരാളി .താരമെന്ന നിലയിലും കോച്ചെന്ന നിലയിലും റയലിന് ചാമ്പ്യന്‍സ് ലീഗും ലാ ലിഗ കിരീടവും നേടിക്കൊടുക്കുന്ന ആദ്യ വ്യക്തിയാണ് സിദാന്‍…