
കൊച്ചി: എസ്. എന്‍. സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സി. ബി. ഐ കോടതിയുടെ വിധിക്കെതിരെ സി. ബി. ഐ സമര്‍പ്പിച്ച റിവ്യൂ പെറ്റിഷനില്‍ ഹൈക്കോടതിയുടെ അന്തിമ വിധി പുറത്തുവന്നു. ലാവ്ലിൻ കേസിൽ പിണറായി കുറ്റവിമുക്തനാക്കി. പിണറായി വിജയനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ല എന്ന് ഹൈക്കോടതി വിലയിരുത്തി. കേസിൽ ഏഴാം പ്രതിയായിരുന്നു പിണറായി. പിണറായി വിജയനെ സി. ബി. ഐ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി കെ. എസ്ഇ.ബി ഉദ്യോഗസ്ഥര്‍ കേസില്‍ വിചാരണ നേരിടണമെന്നും ഉത്തരവിൽ പറഞ്ഞു.
ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എഴാം പ്രതിയായ പിണറായി വിജയന്‍, എട്ടാം പ്രതിയായ ഫ്രാന്‍സിസ് എന്നിവരെ കുറ്റിവിമുക്തരാക്കിയ സി. ബി. ഐ കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ക്രിമിനല്‍ പരിധിയില്‍പ്പെടുന്ന ഗൂഢാലോചനയോ അഴിമതിയോ പിണറായി വിജയനും, കെ. എസ്ഇ. ബി ചെയര്‍മാനായി ഫ്രാന്‍സിസോ ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കെ. എസ്ഇ. ബി ഉദ്യോഗസ്ഥര്‍ കേസില്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. കേസില്‍ ദീര്‍ഘമായ വാദം ഹൈക്കോടതി കേട്ടിരുന്നു. ഏപ്രില്‍ രണ്ടാം വാരത്തോടെ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു.
ജസ്റ്റിസ് പി. ഉബൈദുള്ളയാണ് കേസില്‍ വിധി പറഞ്ഞത്. പുനപരിശോധന ഹര്‍ജിയില്‍ വാദം കഴിഞ്ഞ ശേഷം തനിക്ക് ചില ഊമക്കത്തുകള്‍ കിട്ടിയിരുന്നുവെന്ന് ജസ്റ്റിസ് ഉബൈദ് വെളിപ്പെടുത്തി. നൂറ്റിരണ്ട് പേജാണ് വിധിപ്രസ്താവത്തില്‍ ഉണ്ടായിരുന്നത്. വിധി പൂര്‍ണ്ണമായി വായിച്ച ശേഷമേ റിപ്പോര്‍ട്ട് ചെയ്യാവൂ എന്ന് കോടതി മുന്‍കൂര്‍ പറഞ്ഞിരുന്നു.
1995 ഓഗസ്റ്റ് 10-ആം തീയ്യതി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം വഹിച്ചിരുന്ന അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്. എൻ. സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ. കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
2013 നവംബർ 5-ന് പിണറായി വിജയൻ നൽകിയ വിടുതൽ ഹർജിക്ക് മേൽ സി. ബി. ഐ. പ്രത്യേക കോടതി തീർപ്പു കല്പിക്കുകയുണ്ടായി. ലാവലിൻ കമ്പനിക്ക് പി- എസ്- പി പദ്ധതികളുടെ പുനരുദ്ധാരണ കരാർ നൽകുന്നതിൽ ഗൂഢാലോചനയുണ്ടെന്നും അങ്ങനെ ഖജനാവിന് 86.25 കോടി രൂപ നഷ്ടമായെന്നും പ്രത്യേക കോടതിയിൽ സി. ബി. ഐ. സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയ കോടതി പിണറായി വിജയൻ ഉൾപടെയുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
