ലാലേട്ടന് ‘കടക്ക് പുറത്ത്’; ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing ലാലേട്ടന് ‘കടക്ക് പുറത്ത്’; ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ നിന്ന് അമ്മ അധ്യക്ഷനായ  മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍. ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടക്കം 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌കാരം നേടിയവരെ ചെറുതാക്കുന്ന നടപടി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചടങ്ങില്‍ നിന്ന് ജൂറിയിലെ ഒരു വിഭാഗം വിട്ടുനില്‍ക്കുമെന്നും ഇവര്‍ അറിയിച്ചു. മന്ത്രി എകെ ബാലനാണ് സൂപ്പര്‍താരം മോഹന്‍ലാല്‍ നിശാഗന്ധിയിലെ ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്. ഇതിന് പിന്നാലെ ചേര്‍ന്ന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പ് ഉയര്‍ന്നു. ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടത് സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നത് ബിജു ചോദ്യം ചെയ്തു. ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന് മന്ത്രിയുടെ നിലപാട് ശരിയല്ല. അങ്ങനെയെങ്കില്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡോ.ബിജു അറിയിച്ചു. പുരസ്‌കാരദാനച്ചടങ്ങില്‍ അവാര്‍ഡ് നേടിയവര്‍ക്കും അത് നല്‍കുന്ന മുഖ്യമന്ത്രിക്കുമായിരിക്കണം പ്രാധാന്യമെന്ന് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ വികെ ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ ഡബ്ള്യുസിസിക്കും അതൃപ്തിയുണ്ട്.നടിക്കൊപ്പം എന്ന് പറയുമ്പോഴും സി.പി.എം അമ്മയെ പൂര്‍ണ്ണമായും തള്ളിയിരുന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് കൊല്ലത്ത് സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീടാണ് വേദി തിരുവന്തപുരത്തേയ്ക്ക് മാറ്റിയത്. അടുത്തമാസം എട്ടിനാണ് ചടങ്ങ്. നടന്‍ പ്രകാശ് രാജ്, എന്‍ എസ് മാധവന്‍, സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, സേതു, സുനില്‍ പി ഇളയിടം, രാജീവ് രവി, ഡോ.ബിജു, സി.വി ബാലകൃഷ്ണന്‍, വെങ്കിടേഷ്രാമകൃഷ്ണന്‍, കെ ഈ എന്‍ കുഞ്ഞഹമ്മദ്, ബീനാ പോള്‍ , റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, എംഎന്‍ കാരശ്ശേരി തുടങ്ങിവരാണ് ഒപ്പിട്ടത്.

0Shares