ലാലേട്ടന് ഇന്ന് 59-ാം പിറന്നാള്‍; ആശംസകള്‍ കൊണ്ടുമൂടി സിനിമാ ലോകം

  • Post category:news
  • Reading time:1 min read
You are currently viewing ലാലേട്ടന് ഇന്ന് 59-ാം പിറന്നാള്‍; ആശംസകള്‍ കൊണ്ടുമൂടി സിനിമാ ലോകം

മോഹന്‍ലാല്‍ എന്ന പേരിനോടൊപ്പം ഏട്ടന്‍ ചേര്‍ത്ത് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ലാലേട്ടന് ഇന്ന് 59-ാം പിറന്നാള്‍. നിരവധി സൂപ്പര്‍ ഹിറ്റുകളുടെയും ബോക്‌സ് ഓഫീസ് ഹിറ്റുകളുടെയും അവകാശിയായ നടന വിസ്മയത്തെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് സിനിമാ ലോകം. പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്.

‘നന്ദി. നന്ദി ‘ലൂസിഫര്‍’. നന്ദി സ്റ്റീഫന്‍. നന്ദി ഖുറേഷി അബ്രഹാം. നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന് നന്ദി. ജന്മദിനാശംസകള്‍ ചേട്ടാ.’ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ‘ലൂസിഫര്‍’ 200 കോടിയും കടന്ന് വിജയകരമായി കുതിക്കുകയാണ്.

‘തലമുറകള്‍ക്ക് പ്രചോദനമായ മനുഷ്യന് ജന്മദിനാശംസകള്‍. ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ. തന്ന ഓര്‍മ്മകള്‍ക്ക് നന്ദി.’ എന്നാണ് നിവിന്‍ പോളി കുറിച്ചത്.

ജയസൂര്യ, ഉണ്ണിമുകുന്ദന്‍, പിറ്റര്‍ ഹെയ്ന്‍, സിദ്ധിഖ്, തുടങ്ങി നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഒപ്പം ആരാധക ലക്ഷങ്ങളും. ആശംസകളും വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയ ഒരു ലാല്‍മയമായിരിക്കുകയാണ്. മോഹന്‍ലാല്‍ സംവിധായകന്‍റെ വേഷമണിയുന്നെന്ന വാര്‍ത്തയും ആരാധകര്‍ക്കും സിനിമ ലോകത്തിനും ചെറിയ ആവേശമൊന്നുമല്ല നല്‍കിയിരിക്കുന്നത്. ലൂസിഫര്‍ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ ബറോസിനെക്കുറിച്ച് പ്രഖ്യാപിച്ചത്.

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രീഡി ചിത്രങ്ങളിലൊന്നായ മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ സ്രഷ്ടാവായ ജിജോയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുന്നത്.

0Shares