ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക ശ്വസിച്ച് അസ്വാസ്ഥ്യം അനുഭവപ്പെട്ട ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഫ്‌ളാറ്റിലെ രണ്ടാമത്തെ ഫ്‌ളോറിലുണ്ടായ തീ ക്ഷണനേരം കൊണ്ട് കെട്ടിടം മൊത്തം പടരുകയായിരുന്നു. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ പലര്‍ക്കും വീണ് പരിക്കേറ്റു. തീപിടുത്തമുണ്ടായ ഉടന്‍ തന്നെ അഗ്‌നിശമനസേനയും പോലീസും രക്ഷാപ്രവര്‍ത്തനം തുടങ്ങി.

40 അഗ്‌നിശമനസേനാ യൂണിറ്റുകളില്‍ നിന്നായി 200 അഗ്‌നിശമനസേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ കഠിനമായി പരിശ്രമിച്ചു വരികയാണ്. അഗ്‌നിശമനസേനാംഗങ്ങള്‍ ശക്തമായി വെള്ളം ചീറ്റിച്ച് തീ അണയ്ക്കുന്നതോടൊപ്പം ജനങ്ങളെ സുരക്ഷിതമായി താഴെയെത്തിക്കാനും കിണഞ്ഞ് ശ്രമിക്കുകയാണ്. തീപിടുത്തത്തിനിടെ ബെഡ്ഷീറ്റുകളും മറ്റു കൂട്ടിക്കെട്ടി കയറു പോലെയാക്കി താഴേക്ക് ഇറങ്ങാന്‍ പലരും ശ്രമിച്ചിരുന്നു. ഇവരെ അഗ്‌നിശമനസേനാംഗങ്ങള്‍ എത്തിയാണ് താഴെ ഇറക്കിയത്. മുന്‍കരുതലെന്ന നിലയ്ക്ക് സമീപത്തെ കെട്ടിടങ്ങളിലെ ജനങ്ങളെയും ഒഴിപ്പിച്ചു.