
വി. മുരളീധരന്‍റെ വിദേശകാര്യ സഹമന്ത്രി സ്ഥാനം പ്രയോജനപ്പെടുത്തി പ്രവാസികളില്‍ വേരൂന്നാന്‍ ബി.ജെ.പി ശ്രമം. മുസ്‌ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ പ്രവാസികളെ പാർട്ടി അംഗങ്ങളോ അനുഭാവികളോ ആക്കാനാണ് നിര്‍ദേശം. പാർട്ടി അംഗത്വ പ്രചാരണ പരിപാടി അവസാനിക്കുന്ന ഓഗസ്റ്റ് 11 ന് അകം ഈ വിഭാഗങ്ങളിൽ നിന്നുള്ള പരമാവധി പേരെ പാർട്ടിയോട് അടുപ്പിക്കാനാണു ശ്രമം.

ഇതിനായി നേതാക്കളുടെ പ്രത്യേകസംഘം ഗൾഫ് നാടുകൾ സന്ദർശിക്കും. വി.മുരളീധരൻ വിദേശകാര്യ സഹമന്ത്രി ചുമതല വഹിക്കുന്നത് അനുകൂല സന്ദർഭമാണെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. കേരളത്തിൽ ഇപ്പോഴുള്ള 15 ലക്ഷം അംഗത്വം 30 ലക്ഷമാക്കും. ന്യൂനപക്ഷവിഭാഗങ്ങൾ, പട്ടികജാതി പട്ടികവർഗം, ആദിവാസികൾ എന്നിവരെ ഉൾപ്പെടുത്തുന്നതിനാണ് മുൻഗണന.
എല്ലാ സമുദായങ്ങൾക്കും തുല്യപരിഗണന നൽകി അംഗത്വം നൽകണമെന്നാണ് നിർദേശം. മുൻഗണനാ ക്രമത്തിൽ 7 സമുദായങ്ങളുടെ പട്ടികയും നൽകി. പാർട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് എത്തിച്ചേരാനുള്ള മിനിമം യോഗ്യത 25 പേരെ പുതുതായി കൊണ്ടുവരിക എന്നതാണ്.
