റാഞ്ചി: റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് 2 കുട്ടികളുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മുന്‍നിര കമ്പനിയിലെ സെയില്‍സ്മാനായ ദീപക് കുമാര്‍, ഇയാളുടെ സഹോദരന്‍, മാതാപിതാക്കള്‍, ഭാര്യ, രണ്ടു മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ദീപകിന്റെയും സഹോദരന്റെയും മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിലെ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കട്ടിലിലായിരുന്നു. ദീപക് ജ (40), ഭാര്യ സോണി (37), ദീപക്കിന്റെ ഇളയ സഹോദരന്‍ രൂപേഷ്(30), ദീപക്കിന്റെ അച്ഛന്‍ സച്ചിദാനന്ദ, 60 കാരിയായ ദീപാക്കിന്റെ അമ്മ, ദീപക് മകള്‍, ഡോട്ടി (6), മകന്‍ ജാഗു (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. ഒരുപാട് നേരം ഹോണ്‍ മുഴക്കിയിട്ടും കുട്ടി ഇറങ്ങി വരാത്തതിനെ തുടര്‍ന്ന് സഹപാഠിയായ എഴുവയസുകാരി വീടിനുള്ളിലേക്ക് എത്തുകയായിരുന്നു. ഈ പെണ്‍കുട്ടിയാണ് വീട്ടുകാര്‍ മരിച്ചുകിടക്കുന്ന വിവരം പുറത്തറിയിക്കുന്നത്.
ദീപക് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതേസമയം 15 പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിന് അനവധി ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയിരുന്നുവെന്ന് കുറിപ്പിലുള്ളതായി റാഞ്ചി എസ്.എസ്.പി അനിഷ് ഗുപ്ത പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ലക്ഷങ്ങളുടെ കട ബാധ്യത; റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ആത്മഹത്യ ചെയ്തു