റൈസ്പുള്ളര്‍ തട്ടിപ്പ് ആവര്‍ത്തിക്കുന്നു; നാസയുടെ പേരില്‍ പണം തട്ടിയ അച്ഛനും മകനും അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing റൈസ്പുള്ളര്‍ തട്ടിപ്പ് ആവര്‍ത്തിക്കുന്നു; നാസയുടെ പേരില്‍ പണം തട്ടിയ അച്ഛനും മകനും അറസ്റ്റില്‍

ന്യൂഡല്‍ഹി: നാസയ്ക്കും ഡിആര്‍ഡിഒയ്ക്കും ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായി റൈസ്പുള്ളര്‍ സംഘടിപ്പിച്ചു നല്‍കുന്നവരെന്ന വ്യാജേന വ്യവസായിയെ തട്ടിപ്പിനിരയാക്കി പണം തട്ടിയ സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍. വിരേന്ദര്‍ മോഹന്‍ ബ്രാര്‍, മകന്‍ നിതിന്‍ മോഹന്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്. വസ്ത്രവ്യാപാരിയായ നരേന്ദറില്‍ നിന്ന് 1.43 കോടിരൂപയാണ് ഇരുവരും തട്ടിയെടുത്തത്. റൈസ്പുള്ളറില്‍ പരീക്ഷണം നടത്താനെന്ന പേരില്‍ 87.2 ലക്ഷം രൂപ ആദ്യം ഇവര്‍ വ്യാപാരിയില്‍ നിന്ന് കൈപ്പറ്റിയാണ് തട്ടിപ്പാരംഭിച്ചത്. റേഡിയേഷന്‍ വികിരണങ്ങള്‍ തടയുന്ന വസ്ത്രവും പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കുള്ള ഫീസിനും മറ്റ് രാസവസ്തുക്കള്‍ക്കും വേണ്ടിയെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്. റൈസ്പുള്ളര്‍ ഓറിജിനലാണെങ്കില്‍ 10 കോടിരൂപ ടോക്കണ്‍ മണിയായി നല്‍കുമെന്നും ബാക്കി കച്ചവടത്തിന് ശേഷം നല്‍കാമെന്നും ഇവര്‍ വിശ്വസിപ്പിച്ചു. റൈസ് പുള്ളര്‍ മറ്റാര്‍ക്കെങ്കിലും മറിച്ചുവില്‍ക്കുമെന്നു പറഞ്ഞതിനെ തുടര്‍ന്ന് 51.1 ലക്ഷം രൂപ കൂടെ വസ്ത്രവ്യാപാരി തട്ടിപ്പുകാര്‍ക്ക് നല്‍കി. തുടര്‍ന്ന് റൈസ്പുള്ളര്‍ പരീക്ഷണമെന്ന പേരില്‍ ഹരിയാനയിലെ ധര്‍മശാലയില്‍ ചിലത് നടത്തുകയും ചെയ്തു. ഇതിനിടെ പരീക്ഷണം നടത്തിയവര്‍ യഥാര്‍ഥ ശാസ്ത്രജ്ഞരല്ലെന്നും 20,000 രൂപയ്ക്ക് വിരേന്ദര്‍ മോഹന്റെ കീഴില്‍ ജോലിക്കെത്തിയവരാണെന്നും സുഹൃത്തുക്കള്‍ വഴി വ്യാപാരിക്ക് വിവരം കിട്ടിയതോടെ സംഗതി വെളിച്ചത്താവുകയായിരുന്നു. താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ വ്യാപാരി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് അച്ഛനും മകനും അറസ്റ്റിലാവുകയുമായിരുന്നു. ഇവരില്‍ നിന്ന് റേഡിയേഷന്‍ കവചം, വ്യാജ സ്റ്റിക്കറുകള്‍ തുടങ്ങിയവ കണ്ടെടുത്തു. ചെമ്പ്, വെങ്കലം തുടങ്ങിയ ലോഹങ്ങളില്‍ കാന്തം കൊണ്ട് പൊതിയുകയും തുടര്‍ന്ന് അരി തിളപ്പിച്ച് ചോറാക്കി മാറ്റി ഇതിനുള്ളില്‍ ചെറിയ ഇരുമ്പ് തരികളോ കമ്പിയോ നിറയ്ക്കും. ഈ ചോറ് തട്ടിപ്പുകാര്‍ തങ്ങളുടെ റൈസ് പുള്ളറിനടുത്ത് എത്തുമ്പോള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. ഇത് കാട്ടിയാണ് ഇവര്‍ ആളുകളെ കബളിപ്പിക്കുന്നതെന്നു പോലീസ് പറയുന്നു. റൈസ്പള്ളറിന്റെ പേരില്‍ പത്തുവര്‍ഷം മുമ്പ് വ്യാപകമായി തട്ടിപ്പ് നടത്തിവന്നിരുന്നു. പഴയ വിളക്കുകളും വീട്ടുപകരണങ്ങളും തേടിയാണ് മാഫിയകള്‍ രംഗത്തിറങ്ങിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പിന് കോടിക്കണക്കിന് രൂപ വിലവരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

0Shares