റീബില്‍ഡ് കേരള: സംസ്ഥാനത്തെ 560 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡ്‌ നിര്‍മാണത്തിന് ജര്‍മനി നൽകുന്നത് 1400 കോടി

  • Post category:news
  • Reading time:2 mins read
You are currently viewing റീബില്‍ഡ് കേരള: സംസ്ഥാനത്തെ 560 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡ്‌  നിര്‍മാണത്തിന് ജര്‍മനി നൽകുന്നത്  1400 കോടി

തിരുവനന്തപുരം : പ്രളയാനന്തര കേരള പുനർനിർമാണത്തിന് ജർമൻ സർക്കാർ കീഴിലുള്ള ധനകാര്യസ്ഥാപനമായ കെ.എഫ്.ഡബ്ല്യു. നൽകുന്ന വായ്പ സ്വീകരിക്കാൻ കേന്ദ്രധനമന്ത്രാലയം അംഗീകാരം നൽകി. ഏകദേശം 1,400 കോടി രൂപയാണ് (20 കോടി ഡോളർ) കേരളത്തിന് കിട്ടുക. ഇതിനുള്ള കരാർ ഉടൻ ഒപ്പുവെക്കും.ലോകബാങ്കിൽനിന്ന് 1,725 കോടി രൂപ അനുവദിച്ചതിനുപിന്നാലെയാണ് ജർമൻ ബാങ്കിൽനിന്ന് കേരളത്തിന് വായ്പ കിട്ടുന്നത്.

ലോകബാങ്ക് കേരളത്തിന് നൽകുന്ന പണം ഗ്രാമീണ റോഡ് പുനർനിർമാണത്തിനാണ് ഉപയോഗിക്കുക. ജർമൻ ബാങ്ക് വായ്പ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് വികസന പാക്കേജിനും. പ്രളയശേഷമുള്ള കണക്കെടുപ്പിൽ 1600 കിലോമീറ്റർ റോഡുകളുടെ പുനർനിർമാണത്തിന് മുൻഗണന നൽകണമെന്ന് തീരുമാനിച്ചിരുന്നു.

കെ.എസ്.ടി.പി. റോഡുകളുടെ നിലവാരത്തിൽ ഇത്രയും റോഡ് പുനർനിർമിക്കാൻ കിലോമീറ്ററിന് അഞ്ചുകോടി രൂപ നിരക്കിൽ 8,000 കോടി രൂപ വേണം. ഇതിൽ 560 കിലോമീറ്ററാണ് ജർമൻ സഹായത്തോടെ പുനർനിർമിക്കുക. നാലരമുതൽ അഞ്ച് ശതമാനം വരെയാണ് ഈ വായ്പയുടെ പലിശ. ബാങ്ക് അനുവദിക്കുന്ന വായ്പയ്ക്ക് തുല്യമായ തുക സർക്കാരും പദ്ധതിക്ക് ചെലവിടണമെന്നാണ് കെ.എഫ്.ഡബ്ല്യു പറയുന്ന നിബന്ധന. ഇതംഗീകരിച്ചാണ് ചർച്ചകൾ തുടങ്ങിയതും ധാരണയായതും.പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ മികച്ച നിലവാരത്തിൽ പുനർനിർമിക്കാനാണ് ജർമൻ സ്ഥാപനം താത്പര്യം പ്രകടിപ്പിച്ചത്.

വായ്പയായ 1400 കോടി രൂപയ്ക്കൊപ്പം സംസ്ഥാന വിഹിതമായ 1400 കോടി കൂടി ചേർത്ത് വിപുലമായ റോഡ് പുനർനിർമാണത്തിന് പദ്ധതി തയ്യാറാക്കുമെന്ന് റീ ബിൽഡ് കേരള സി.ഇ.ഒ.യും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായ വി. വേണു പറഞ്ഞു. അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കും. കേരളത്തിലെ റോഡുകൾ പുനർനിർമിക്കാൻ ലോകബാങ്ക് മുമ്പ് വായ്പ നൽകിയിരുന്നു. അതുപയോഗിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി.) നടപ്പാക്കി. രണ്ടുഘട്ടമായി കെ.എസ്.ടി.പി.യിൽ 450 കിലോമീറ്റർ റോഡാണ് നിർമിച്ചത്. ജർമൻ വായ്പകൊണ്ട് നടപ്പാക്കുന്ന പദ്ധതിയിൽ 560 കിലോമീറ്ററെങ്കിലും റോഡ് ഏറ്റെടുക്കാനാവുമെന്നാണ് വിലയിരുത്തൽ.

കെ.എസ്.ടി.പി.യിൽ 12 വർഷംകൊണ്ട് നിർമിച്ചതിനെക്കാൾ കൂടുതൽ റോഡ് അഞ്ചുവർഷംകൊണ്ട് ഈ പദ്ധതിയിൽ നിർമിക്കാനാവും.കനത്തമഴയിൽ തകരാറിലാവുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നന്നാക്കുന്നത് സർക്കാരിന് എന്നും വെല്ലുവിളിയാണ്. മഴയെയും പ്രളയത്തെയും അതിജീവിക്കുംവിധം ഇത് പുനർനിർമിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുത്തിയേക്കും. വയനാട് ചുരത്തിൽ ഉദ്ദേശിക്കുന്ന തുരങ്കപാതയ്ക്കും ഇതിൽനിന്ന് പണം നീക്കിവെച്ചേക്കും.

0Shares