
റിസർവ് ബാങ്ക് സെർവറിലെ തകരാറിനെത്തുടർന്ന് കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷൻ വിതരണവും മുടങ്ങി. റിസർവ് ബാങ്കിന്‍റെ ഇ–കുബേർ ഓൺലൈൻ സംവിധാനത്തിലാണ് തകരാർ. പൂർണമായി ശരിയാക്കാൻ 3 ദിവസമെടുക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ 6 ലക്ഷത്തോളം പേർക്കാണ് ശമ്പളവും പെൻഷനും മുടങ്ങിയത്. ബാങ്ക് അക്കൗണ്ട് വഴി ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണ് പണം കിട്ടാത്തത്.

ഇതേസമയം, ട്രഷറി അക്കൗണ്ട് വഴി ഭൂരിഭാഗം പേർക്കും (ട്രഷറി, പൊതുഭരണ, ധന വകുപ്പുകളിലെ ജീവനക്കാർക്ക്) പണം ലഭിച്ചു. സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ പത്തര ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2.4 ലക്ഷത്തോളം ഉദ്യോഗസ്ഥർക്കും 3.6 ലക്ഷത്തോളം പെൻഷൻകാർക്കും ശമ്പളം/പെൻഷൻ ലഭിച്ചില്ല.
ഇതിനിടയിൽ ഇന്നലെ വൈകിട്ട് അരമണിക്കൂർ സെർവർ പ്രവർത്തനക്ഷമമായപ്പോൾ, എസ്.ബി.ഐ വഴി ശമ്പളവും പെൻഷനും വാങ്ങുന്ന 20,013 പേർക്ക് പണം കൈമാറി.
