ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ച് വിധിയ്‌ക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജികള്‍ വൈകിട്ടത്തേയ്ക്ക് പരിഗണിക്കാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിയത്. വൈകിട്ട് മൂന്ന് മണിയ്ക്ക് ഭരണഘടനാ ബഞ്ച് ചേംബറില്‍ റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രമേ മൂന്നംഗബഞ്ച് റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂ. റിവ്യൂ ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ റിട്ട് ഹര്‍ജികള്‍ കൂടി ഇതിനോടൊപ്പം പരിഗണിക്കും മറിച്ച് റിവ്യൂ ഹര്‍ജി തള്ളുകയാണെങ്കില്‍ റിട്ട് ഹര്‍ജികള്‍ വേറിട്ട് തന്നെ പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.
ഇതിനിടെ, പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിലാണ് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചേംബറില്‍ പരിഗണിയ്ക്കാന്‍ തീരുമാനിച്ച ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നേരത്തെ വ്യക്തമാക്കിയത് പോലെ ഹര്‍ജികള്‍ ചേംബറില്‍ത്തന്നെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
വൈകിട്ട് മൂന്ന് മണിയ്ക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് പുനഃപരിശോധനാഹര്‍ജികള്‍ ചേംബറില്‍ വച്ച് പരിഗണിയ്ക്കുക. വൈകിട്ടോടെയോ നാളെ രാവിലെയോ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഭരണഘടനാബഞ്ചിന്റെ തീരുമാനം എന്തെന്ന് അറിയാം.