
തിരുവനന്തപുരം: കേന്ദ്രത്തിന് തടയിടാന്‍ പറ്റാതിരുന്ന റിലയന്‍സ് ഗ്രൂപ്പിന് എട്ടിന്റെ പണി കൊടുത്ത് കേരളാ സര്‍ക്കാര്‍. പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള എറണാകുളം ജില്ലയിലെ വിവിധറോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണപ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ നടന്ന യോഗത്തില്‍ ജില്ലയില്‍ റിലയന്‍സിന്റെ കേബിളിടാനുള്ള അനുമതി റദ്ദാക്കിയതായി പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. റിലയന്‍സ് ജിയോയുടെ കേബിളിടുന്നതിനായി ഷണ്‍മുഖം റോഡടക്കം ജില്ലയിലെ പല റോഡുകളുടെയും ടാറിട്ട ഭാഗം പൊളിച്ചതായി ഹൈബി ഈഡന്‍ എം. എല്‍.എ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മന്ത്രിയുടെ ഈ തീരുമാനം ഉണ്ടായത്.

സര്‍ക്കാറുമായുണ്ടാക്കിയ കരാറിനു വിരുദ്ധമായാണ് കേബിളിടാനായി റിലയന്‍സ് റോഡുകളുടെ ടാറിട്ട ഭാഗം പൊളിക്കുന്നത്. അതിനാല്‍ പുതിയൊരുത്തരവുണ്ടാകുന്നതു വരെ ജില്ലയില്‍ റിലയന്‍സ് കേബിളിടുന്നതിനുള്ള അനുമതി റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചു. റോഡിലെ ടാറിട്ടഭാഗം പൊളിച്ച് റിലയന്‍സ് കേബിളിട്ട സ്ഥലങ്ങളുടെ പട്ടിക മന്ത്രിക്ക് നല്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
