കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് രാജീവിന്റെ കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്ന് അറസ്റ്റിലായ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനു. ആദ്യത്തെ നാലുപ്രതികളുടെ കയ്യബദ്ധമാണ് കൊലപാതകമെന്നും പ്രതിയായ ചക്കര ജോണിയുടെ അഭിഭാഷകനെന്ന നിലയില്‍ നിയമോപദേശം കൊടുക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഉദയഭാനും പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഉദയഭാനു കള്ളം ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് കരുതുന്നു. അതേസമയം രാജീവുമായി ഭൂമി ഇടപാടുകളുണ്ടായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. ബന്ദികളാക്കിയവര്‍ക്ക് പറ്റിയ അബദ്ധമാണ് കൊലപാതകം. ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും നഷ്ടമായ പണത്തിനുപകരം രാജീവിന്റെ സ്വത്ത് കൈകലാക്കാനാണ് ശ്രമം നടത്തിയതെന്നും ഉദയഭാനു സമ്മതിച്ചിട്ടുണ്ട്. ഈ വാദങ്ങളൊന്നും പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിന് അടുത്തുള്ള സഹോദരന്റെ വീട്ടില്‍ നിന്നും ഉദയഭാനുവിനെ പോലീസ് അറസ്റ്റു ചെയ്തത്. രാത്രി തന്നെ അദ്ദേഹത്തെ ചാലക്കുടി സര്‍ക്കിള്‍ഓഫീസിലെത്തിച്ചു. ശേഷം റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഉദയഭാനുവിനെ ചാലക്കുടി കോടതിയില്‍ ഹാജരാക്കും. ഉദയഭാനുവിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീക്കി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍വാദം അംഗീകരിക്കാതിരിക്കാനാവില്ലെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ തീരുമാനം.ഉദയഭാനുവിനെതിരെ പ്രഥമവിവരറിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. രാജീവിനെ കൊലപ്പെടുത്താന്‍ നടന്ന ഗൂഢാലോചനയില്‍ പ്രതിക്ക് പങ്കുണ്ടെന്ന് വ്യക്തമായ ആരോപണമാണ് പ്രോസിക്യൂഷന് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. സെപ്തംബര്‍ 30നാണ് ഭൂമിയിടപാടുകാരനായ രാജീവിനെ ചാലക്കുടിയിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.