ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന 36 യുദ്ധവിമാനങ്ങളുടെ വിലയോ ചെലവോ മുദ്രവെച്ച കവറില്‍പ്പോലും സുപ്രീം കോടതിക്കു നല്‍കാനവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിനോടുപോലും വെളിപ്പെടുത്താത്ത കാര്യമാണിതെന്നു പറഞ്ഞാണ് ബുധനാഴ്ച കേന്ദ്രം വിസമ്മതമറിയിച്ചത്.എന്നാല്‍, വിലവിവരം പരസ്യമാക്കുന്നതില്‍ സര്‍ക്കാരിനുള്ള എതിര്‍പ്പിന്റെ കാരണം വിശദമാക്കി 10 ദിവസത്തിനകം സത്യവാങ്മൂലം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ മൂന്നംഗ ബെഞ്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് നിര്‍ദേശിച്ചു.
റഫാല്‍ വിമാനങ്ങളുടെ വിലയും ചെലവും മേന്മകളെന്തെങ്കിലുമുണ്ടെങ്കില്‍ അതും വിശദമായി അറിയാന്‍ താത്പര്യമുണ്ടെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചിരുന്നു. റഫാല്‍ കരാറിലെ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് നിയമപ്രകാരം പരസ്യപ്പെടുത്താന്‍ കഴിയുന്ന ലഭ്യമായ വിവരങ്ങളെല്ലാം ഹാജരാക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കുന്ന രേഖയിലുള്ള തന്ത്രപ്രധാനവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പരാതിക്കാര്‍ക്കോ മറ്റുകക്ഷികള്‍ക്കോ നല്‍കുകയില്ലെന്ന് കോടതി വ്യക്തമാക്കി.
റഫാല്‍ ഇടപാട്: യുദ്ധവിമാനങ്ങളുടെ വില സുപ്രീം കോടതിക്കു മുന്നില്‍ പരസ്യപ്പെടുത്താനാകില്ലന്ന് കേന്ദ്രം