റാഫേലില്‍ കേന്ദ്രത്തിന് തിരിച്ചടി; ഇടപാടിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി

  • Post category:news
  • Reading time:1 min read
You are currently viewing റാഫേലില്‍ കേന്ദ്രത്തിന് തിരിച്ചടി; ഇടപാടിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റാഫേലില്‍ തകര്‍ന്നടിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങള്‍, കരാറിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവ കോടതിയെ അറിയിക്കണം. എന്നാല്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. കരാറിലെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കരാറില്‍ സുതാര്യതയില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് സുപ്രീം കോടതി ഇടപെടല്‍.

മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരുമാണ് റാഫേല്‍ കരാറില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതുള്‍പ്പെടെ നാല് ഹര്‍ജികളാണ് ഇന്ന് കോടതി പരിഗണിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ കോടതി കരാറിലെ വിവരങ്ങള്‍ പൊതുജനമദ്ധ്യത്തില്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തുവെങ്കിലും 10 ദിവസത്തിനകം മുദ്രവച്ച കവറില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിമാനത്തിന്റെ വില, എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് വിമാനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്, വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് 10 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉത്തരവിട്ടത്.കരാറിനെക്കുറിച്ച് സി.ബി.ഐ അന്വേഷണമോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കഴിയുന്നത് വരെ കാത്തിരിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.

0Shares