റഷ്യയുടെ വിജയം സ്വപ്നം കണ്ട് ആരാധകര്‍; ചരിത്രം കുറിക്കാന്‍ ക്രൊയേഷ്യ. സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ട്, വെല്ലു വിളിയായി സ്വീഡന്‍, അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം മുറുകും

  • Post category:news
  • Reading time:1 min read
You are currently viewing റഷ്യയുടെ വിജയം സ്വപ്നം കണ്ട് ആരാധകര്‍; ചരിത്രം കുറിക്കാന്‍ ക്രൊയേഷ്യ.  സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ട്, വെല്ലു വിളിയായി സ്വീഡന്‍, അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം മുറുകും

മോസ്‌കൊ: ലോകകപ്പില്‍ രണ്ടാം സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് സ്വീഡനെയും രണ്ടാം മത്സരത്തില്‍ ആഥിതേരായ റഷ്യ ക്രൊയേഷ്യയെ നേരിടും. അര നൂറ്റാണ്ടിന്റെ കിരീട വരള്‍ച്ച അവസസാനിപ്പിക്കാനാണ് ഇംഗ്ലീഷ് പട ഇന്നിറങ്ങുന്നത്. അതിനിനി വേണ്ടത് മൂന്ന് ജയം കൂടി. യുവരക്തത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. മികച്ച ഫോമിലുള്ള ഹാരികെയ്ന്‍ നയിക്കുന്ന ഇംഗ്ലീഷ് പടയ്ക്കു എന്ത് കൊണ്ടും ലോകക്കപ്പ് നേടാനുള്ള കരുത്തുണ്ടെന്ന് ഓരോ മത്സരവും തെളിയിക്കുകയാണ്. ഇംഗ്ലണ്ട് നായകന്‍ ഹാരികെയ്ന്‍ തന്നെയാണ് ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ശക്തമായ പോരാട്ടത്തെ അതിജീവിച്ചാണ് ഇംഗ്ലണ്ട് മുന്നേറിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയില്‍ ഗോള്‍കീപ്പര്‍ ജോര്‍ഡന്‍ പിക്‌ഫോര്‍ഡിന്റെ മനസ്സാന്നിധ്യമാണ് ടീമിനെ രക്ഷപ്പെടുത്തിയത്. പതിഞ്ഞ താളത്തില്‍ തുടങ്ങി കൊട്ടിക്കയറുകയാണ് സ്വീഡന്‍. ദക്ഷിണകൊറിയയോട് ജയിച്ചുതുടങ്ങിയ സ്വീഡന്‍ ജര്‍മനിയോട് കളിച്ച് തോല്‍വി വഴങ്ങിയെങ്കിലും, നിര്‍ണായക മത്സരത്തില്‍ മെക്സിക്കോയെ നിലംതൊടീക്കാതെയാണ് ടീം നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും വീഴ്ത്തി ക്വാര്‍ട്ടര്‍ അധിപധ്യം ഉറപ്പിച്ചു.

സംഘടിതമായി കളിക്കാന്‍ കഴിയുന്നു എന്നതാണ് ടീമിന്റെ ശക്തി. റഷ്യയുടെ വിജയം സ്വപ്നം കണ്ടാണ് ഇന്ന് ആരാധകര്‍ കളികാണാന്‍ എത്തുന്നത്.ലോകകപ്പിന് മുന്‍പ് ആതിഥേയ ടീമിന്റെ സാധ്യതകളെക്കുറിച്ചു ചോദിച്ചാല്‍ ചിരിച്ചവര്‍ ഇപ്പോള്‍ വലിയ മധുരക്കിനാവ് കാണുകയാണ്.സ്‌പെയിനെന്ന അതികായനു മുന്നില്‍ നേടിയ വിജയത്തിന്റെ ചങ്കുറ്റത്തോടെയാണ് റഷ്യ ഇന്ന് ക്രൊയേഷ്യക്കെതിരെ ബുട്ട് കെട്ടുന്നത്.കളത്തിലെ പതിനൊന്ന് താരങ്ങള്‍ക്ക് പുറമേ സോച്ചിയിലെ മൈതാനത്ത് ആര്‍ത്തിരമ്പുന്ന പതിനായിരങ്ങളുടെയും പിന്തുണ ആതിഥേയര്‍ക്ക് ലഭിക്കും. അത്‌കൊണ്ട് തന്നെ തങ്ങള്‍ക്കിത് മരണ കളിയാണ്. മറുവശത്തു ലയണല്‍ മെസ്സിയടങ്ങുന്ന അര്‍ജന്റീനയെ കെട്ടുകെട്ടിച്ചതിന്റെ ഓര്‍മകളിലാണ് ക്രൊയേഷ്യ അവസാന എട്ടിലെ പോരാട്ടത്തിനെത്തുന്നത്. പ്രീ-ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്താണ് ക്രൊയേഷ്യയുടെ വരവ്. ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തില്‍ ഗോളിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ക്രൊയേഷ്യക്ക് ജയം സമ്മാനിച്ചത്. ക്രൊയേഷ്യന്‍ ഗോളി ഡാനിയല്‍ സുബാസിച്ചും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ആതിഥേയര്‍ക്ക് ഗോള്‍ കണ്ടെത്തുക വിഷമം തന്നെയാണ്. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ നേര്‍ക്കുനേര്‍ പൊരുതുമ്പോള്‍ ആരൊക്കെ അകത്തു കടക്കും ആരൊക്കെ പുറത്തു പോവും നമുക്ക് കാത്തിരുന്നു കാണാം.

0Shares