
ഗുരുഗ്രാം: ഹരിയാണയിലെ ഗുരുഗ്രാം റയാന്‍ സ്‌കൂളില്‍ എട്ടു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനെന്ന് കരുതി വിചാരണ ചെയ്യാന്‍ തീരുമാനം. ഗുരുഗ്രാമിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റേതാണ് തീരുമാനം. കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥി കുറ്റസമ്മതം നടത്തിയതായി സി.ബി.ഐ നേരത്തെ പറഞ്ഞിരുന്നു. പിതാവിന്റെയും സ്വതന്ത്ര സാക്ഷിയുടേയും മുന്നിലാണ് വിദ്യാര്‍ത്ഥി കുറ്റം ഏറ്റുപറഞ്ഞതെന്ന് സി.ബി.ഐ ജുവനൈല്‍ കോടതിയില്‍ പറഞ്ഞിരുന്നത്.

സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പ്രത്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് സി.ബി.ഐ അതേ സ്‌കൂളിലെ തന്നെ സീനിയര്‍ വിദ്യാര്‍ത്ഥിയെ നാടകീയമായി അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ വിദ്യാര്‍ഥി മരിച്ചാല്‍ അടുത്തദിവസത്തെ പരീക്ഷയും അധ്യാപക രക്ഷാകര്‍തൃസമിതി യോഗവും മാറ്റുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് മുതിര്‍ന്നവിദ്യാര്‍ഥി മൊഴി നല്‍കിയതായി സി.ബി.ഐ. വക്താവ് അഭിഷേക് ദയാല്‍ പറഞ്ഞിരുന്നു.
ദേശീയതലത്തില്‍ വരെ ചര്‍ച്ചയായ ഈ കൊലപാതകക്കേസില്‍ ഏറെ നാള്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത് സ്‌കൂള്‍ ബസ് ജീവനക്കാരനായിരുന്ന അശോക് കുമാറാണ്. പോലീസ് പ്രതിയെ കണ്ടെത്തിയിട്ടും അത് അംഗീകരിക്കാതെ സി.ബി.ഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഉറച്ച നിലപാടിനെ തുടര്‍ന്നാണ് ഹരിയാന ഭരിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. 2017 സെപ്തംബര്‍ എട്ടിനാണ് ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വാഷ്‌റൂമില്‍ പ്രത്യുമന്‍ താക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
