
കൊച്ചി: രോഹിതിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ലോക പ്രശസ്ത എഴുത്തുകാരി മീന കന്ദസ്വാമിക്കെതിരെ കേരളാ പോലീസ് കേസെടുത്തു. മനുഷ്യാവകാശപ്രവർത്തകൻ ജൈസൺ സി. കൂപ്പർ ഫേസ്‌ബുക്കിലൂടെയാണ് കേസിന്റെ പങ്കുവെച്ചത്. രോഹിത് വെമുലയുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുന്ന ഒരു പാർട്ടി തന്നെ ഇപ്രകാരം രോഹിതിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ് തുടർന്നത് പ്രതികാര നടപടി തന്നെയാണെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ ചൂണ്ടികാണിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:
രോഹിത് വെമുലയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, കേരള ദളിത് മഹാസഭ തുടങ്ങിയ സംഘടനകളുടെ മുൻകൈയിൽ കൊച്ചിയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ആഗോള പ്രശസ്തയായ എഴുത്തുകാരി മീന കന്ദസാമിയുൾപ്പടെ നിരവധിപേർക്കെതിരെ കേസ്. രോഹിതിന്റെ മരണത്തിന്റെ രണ്ടാം വാർഷികം ലോകം മുഴുവൻ നാളെ ആചരിക്കാനിരിക്കെയാണ് ഇന്ന് കോടതിയിൽ ഹാജരാകാനുള്ള സമൺസ് ചിലർക്ക് കിട്ടിയത്. മാവോയിസ്റ്റ് പാർട്ടിയുടെ മുന്നണി സംഘടനയെന്ന് ഭരണകൂടം ആരോപിക്കുന്ന പോരാട്ടം സംഘടനയുടെ നേതാവ് എന്നാണ് കുറ്റപത്രത്തിൽ മീന കന്ദസാമിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
കേസിൽ ഒന്നാം പ്രതി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ. തുഷാർ നിർമൽ സാരഥിയും രണ്ടാം പ്രതി കേരള ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി. എസ് മുരളിയുമാണ്. മീന കന്ദസാമി ഒമ്പതാം പ്രതിയായ കേസിൽ വിദ്യാർത്ഥി നേതാവ് ആമി രൂപ് ഷൈന, മനുഷ്യാവകാശ പ്രവർത്തക സുജ ഭാരതി, സാംസ്കാരിക പ്രവർത്തകനായ സ്വപ്നേഷ് ബാബു, സാമൂഹ്യ പ്രവർത്തകരായ പി. ജെ. മാനുവൽ, വി. സി. ജെന്നി, ജോളി ചിറയത്ത്, ജോസഫ് മക്കോളി, സുഷമ തോപ്പിൽ, ആശ തുടങ്ങി പലരും കേസിൽ പ്രതികളാണ്. സുഷമയെ ഞാറ്റുവേല നേതാവാക്കിയിട്ടുണ്ട്. ഈ കേസിലും എന്നെ പ്രതിയാക്കിയിട്ടുണ്ട്.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചുമത്തിയ കേസ് സി.പി.എം നേതൃത്വം നൽകുന്ന സർക്കാർ തുടർന്നതിന്റെ യുക്തിയില്ലായ്മ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. രോഹിത് വെമുലയുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുന്ന ഒരു പാർട്ടി തന്നെ ഇപ്രകാരം രോഹിതിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ് തുടർന്നത് പ്രതികാര നടപടി തന്നെയാണെന്ന് വ്യക്തം.
