രോഗാണു പകരാന്‍ കാരണമാകുന്നു; ഡോക്ടര്‍മാരും നഴ്‌സുമാരും ഇനി ആശുപത്രിക്ക് പുറത്ത് വെള്ളക്കോട്ട് ധരിക്കരുത്; നിര്‍ദേശം കൊണ്ടുവന്നത് യു.എ.ഇ ആരോഗ്യ മന്ത്രാലയം

  • Post category:news
  • Reading time:1 min read
You are currently viewing രോഗാണു പകരാന്‍ കാരണമാകുന്നു; ഡോക്ടര്‍മാരും നഴ്‌സുമാരും ഇനി ആശുപത്രിക്ക് പുറത്ത് വെള്ളക്കോട്ട് ധരിക്കരുത്; നിര്‍ദേശം കൊണ്ടുവന്നത് യു.എ.ഇ ആരോഗ്യ മന്ത്രാലയം

അബുദാബി: ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിക്ക് പുറത്ത് വെള്ളക്കോട്ട് ധരിക്കരുതെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രോഗാണുക്കളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ജോലിസമയത്ത് ഉപയോഗിക്കുന്ന വെള്ളക്കോട്ട് യോഗങ്ങള്‍, സമ്മേളനങ്ങള്‍, പള്ളികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ ധരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ആശുപത്രികള്‍, ക്ലിനിക്കുകള്‍, കാമ്പസുകള്‍ എന്നിവക്ക് പുറത്തേക്ക് മെഡിക്കല്‍ വിദ്യാര്‍ഥികളും വെള്ളക്കോട്ട് ധരിക്കരുതെന്ന് മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പലരും വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നും മന്ത്രാലയത്തിലെ ആരോഗ്യനയ ലൈസന്‍സിങ് വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ ആല്‍ അമീരി പറഞ്ഞു. ചില ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പള്ളികളിലേക്കും ചന്തകളിലേക്കും യോഗങ്ങളിലേക്കും സെമിനാറുകളിലേക്കും വെള്ളക്കോട്ട് ധരിക്കുന്നുണ്ട്. ഇത് രോഗാണു പകരാന്‍ ഇടയാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ വെള്ളക്കോട്ട് ധരിക്കുന്നത് നിരോധിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നതായും ഡോ. അമീന്‍ ഹുസൈന്‍ ആല്‍ അമീരി വെളിപ്പെടുത്തി. വന്‍കുടല്‍ വീക്കം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന ക്ലോസ്ട്രിഡം ഡിഫിസിലി ബാക്ടീരിയ പകരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് 2008 ല്‍ ബ്രിട്ടനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വെള്ളക്കോട്ട് ധരിക്കുന്നത് നിരോധിച്ചിരുന്നു. മുഴുക്കൈ ഷര്‍ട്ട്, വാച്ച്, മോതിരം തുടങ്ങിയവ ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തുന്നുണ്ട്. എളുപ്പത്തില്‍ അലക്കി ഉണക്കാവുന്ന കൈക്കുടുക്കില്ലാത്ത വസ്ത്രങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

 

0Shares