
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന രൂക്ഷമായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കൊപ്പം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അതിശക്തമായ സമരം കൂടിയായപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം സംസ്ഥാന വലിയ പ്രക്ഷുബ്ധതയിലേയ്ക്കാണ് പോകുന്നത്. ഡോക്ടര്‍മാരുടെ സമരം അതീവ ഗുരുതര സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കൊല്‍ക്കത്ത നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച രോഗിയുടെ ബന്ധുക്കളും ജൂനിയര്‍ ഡോക്ടര്‍മാരുമായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്കും ഡോക്ടര്‍മാരുടെ സമരത്തിലേയ്ക്കും നയിച്ചത്. പരിക്കേറ്റ ഒരു മെഡിക്കല്‍ ഇന്റേണിന്റെ നില ഗുരുതരമാണ്. ഡോക്ടര്‍മാരുടെ സമരം ബി.ജെ.പി തൃണമൂല്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. നീല്‍രത്തന്‍ (എന്‍ആര്‍എസ്) മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രക്ഷോഭം സംസ്ഥാനത്തെ 13 മെഡിക്കല്‍ കോളേജ് ആശുപത്രികളിലേയ്ക്കും ആറ് ജില്ലാ ആശുപത്രികളിലേയ്ക്കും പടര്‍ന്നിരിക്കുന്നു. പല ഡോക്ടര്‍മാരും ഒപി അടച്ചു. പലയിടങ്ങളിലും അടിയന്തര സര്‍വീസുകള്‍ പോലും നിര്‍ത്തിവച്ചു.

മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെയാണ് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. എന്‍.ആര്‍.എസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ സമരത്തിന് കാരണം തൃണമൂലിന്‍റെ മുസ്ലീം പ്രീണനമാണ് എന്ന വര്‍ഗീയ പ്രചാരണവും ബി.ജെ.പി അഴിച്ചുവിടുന്നുണ്ട്. 74കാരനായ മുഹമ്മദ് സയീദ് ആണ് മരിച്ച രോഗി. മുഹമ്മദ് സയീദിന്‍റെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം ഹോസ്പിറ്റലിന്‍റെ പരാതിയില്‍ സയിദിന്‍റെ അഞ്ച് ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബാസിര്‍ഹാത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. കല്‍ക്കട്ട മെഡിക്കല്‍ കോളേജ്, നാഷണല്‍ മെഡിക്കല്‍ കോളേജ്, ആര്‍ജി കാര്‍ ഹോസ്പിറ്റല്‍, എസ്എസ്‌കെഎം ഹോസ്പിറ്റല്‍ തുടങ്ങിയവയുടെയെല്ലാം പ്രവര്‍ത്തനത്തെ ഡോക്ടര്‍മാരുടെ സമരം ബാധിച്ചിട്ടുണ്ട്. വടക്കന്‍ ബംഗാള്‍, മുര്‍ഷിദാബാദ്, മിഡ്‌നാപൂര്‍, ബാങ്കുറ എന്നിവടങ്ങളിലേയ്ക്കും ഡോക്ടര്‍ സമരം പടര്‍ന്നിട്ടുണ്ട്.
