
ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ നാവികസേനാ മേധാവിയായി അഡ്മിറൽ കരംഭീർ സിംഗ് ചുമതലയേറ്റു. അഡ്മിറൽ സുനിൽ ലാംബ വിരമിക്കുന്ന ഒഴിവിലാണു കരംഭീർ സിംഗ് ചുമതലയേറ്റത്. ഈസ്റ്റേണ്‍ നാവിക കമാന്‍ഡില്‍ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്നു കരംഭീർ സിംഗ്. 1980ലാണ് ഇന്ത്യന്‍ നാവിക സേനയില്‍ കരംഭീര്‍ സിംഗ് ചേരുന്നത്.

വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മയെ മറികടന്നാണു കരംഭീർ സിംഗ് നാവികസേനയുടെ തലപ്പത്തെത്തിയിരിക്കുന്നത്. സീനിയോറിറ്റി മറികടന്നാണ് കരംഭീറിന്റെ നിയമനമെന്ന് കാട്ടി വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ ആംഡ് ഫോഴ്സ് ട്രൈബ്യൂണലിന്(എഎഫ്ടി) പരാതി നൽകിയിരുന്നു. എന്നാൽ കരംഭീർ സിംഗിനെ ചുമതലയേൽക്കാൻ ട്രൈബ്യൂണൽ അനുവദിക്കുകയായിരുന്നു.
നാവിക സേനയില്‍ നാല് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷമാണ് സുനില്‍ ലാംബ വിരമിച്ചത്. 2016ലാണ് സുനില്‍ ലാംബ പദവിയിലേക്കെത്തിയത്. സുനില്‍ ലാംബയ്ക്ക് ശേഷം നാവിക സേനയിലെ ഏറ്റവും സീനിയോറിറ്റിയുള്ള ഓഫീസറാണ് ബിമല്‍ വര്‍മ.
