
കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിന് രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വയനാട് ചുരം കയറി വരണമെന്നത് ഏറ്റവും വലിയ നാണക്കേടാണെന്ന് എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. തെരഞ്ഞെടുപ്പ് പര്യടന വേളയില്‍ ചെറായിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെക്കേ ഇന്ത്യയെ രക്ഷിക്കാനും പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശം ഉണ്ടാക്കുന്നതിനുമാണ് താന്‍ കേരളത്തിലെത്തിയതും വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം തമിഴ്‌നാട്ടിലോ, ആന്ധ്രയിേലാ, തെലുങ്കാനയിലോ മത്സരിക്കാത്തത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ പച്ചയല്ലാതെ വേറെ ഏതെങ്കിലും നിറം ഉണ്ടായിരുന്നോ? എന്താ ഇത് വര്‍ഗീയതയല്ലേ? എങ്ങും ജയിക്കാന്‍ ആകാത്ത കോണ്‍ഗ്രസ് പ്രസിഡന്റ് വയനാട്ടില്‍ മത്സരിക്കുന്നു. ഇതാണോ സെക്യുലറിസം, ഇതാണോ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയം? അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ചോദ്യങ്ങളാണ്.

പ്രധാനമന്ത്രി മോഡി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വര്‍ഗീയത പറഞ്ഞാണ് നേരിടുന്നത്. വയനാട് പാകിസ്താനിലാണോ ഇന്ത്യയിലാണോ എന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ ചോദിച്ചത്. മുസ്ലിം ലീഗിന്‍റെ സാന്നിധ്യത്തെയാണ് വര്‍ഗീയതയും പാകിസ്താന്‍ ബന്ധവും ആരോപിക്കാന്‍ ബി.ജെ.പി കാരണമാക്കുന്നത്. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പോലും ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്താതിരിക്കുമ്പോള്‍ ദേശീയനേതാക്കള്‍ വര്‍ഗീയ പ്രസ്താവനകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രതികരണം ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു;
കേരളത്തില്‍ വര്‍ഗീയത കൊണ്ടുവരുന്നത് ആരാണ്? രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്വീകരണം കണ്ടാല്‍ അത് മനസിലാകും. പച്ചയല്ലാതെ അന്ന് വയനാട്ടില്‍ എന്താണ് കാണാനുണ്ടായിരുന്നത്. ബി.ജെ.പിയല്ല കേരളത്തില്‍ വര്‍ഗീയത കൊണ്ടു വരുന്നത്. എല്ലാ മതത്തില്‍പ്പെട്ട ആള്‍ക്കാരും ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളാണ്. പച്ചയും മഞ്ഞയും നിറഞ്ഞ കൊടികള്‍കൊണ്ട് നടക്കുന്നവരല്ല ബി.ജെ.പി.
മുസ്ലിം ലീഗിനെ പേരെടുത്തു പറയാതെയാണെങ്കിലും മോഡിയും യോഗിയും അമിത് ഷായും കുറ്റപ്പെടുത്തിയതുപോലെ തന്നെ വര്‍ഗീയമായി ആക്ഷേപിക്കാനാണ് അല്‍ഫോന്‍സ് കണ്ണന്താനവും തയ്യാറായത്. രാഹുല്‍ ഗാന്ധി ആരുടെ പിന്തുണയാണ് തേടുന്നതെന്ന് ജനങ്ങള്‍ക്ക് കണ്ടാല്‍ മനസിലാകുമെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം ആരോപണം ഉന്നയിക്കുന്നത്.
