
രാഹുൽ ഹമ്പിൾ സനൽ
സോഷ്യൽ മീഡിയയിൽ എവിടെയും രാഹുൽ ഇശ്വറിനെ കുറിച്ചാണ് ചർച്ച. ഒരു വശത്ത് നിന്ന് സംഘികൾ, മറുവശത്ത് നിന്ന് സുഡാപ്പികൾ. രാഹുൽ ഈശ്വറും അമ്മയും എന്റെഅച്ഛന്റെ സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട് അച്ഛൻ ജീവിച്ചിരുന്ന കാലത്ത് രണ്ട് തവണ ഇവർവീട്ടിൽ വന്നിട്ടുണ്ട് എന്നതും, രാഹുലു മായി അഭിപ്രായവ്യത്യാസങ്ങൾ ഫേസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ഞാൻ എന്നതുമെല്ലാം മാറ്റി നിർത്തി രാഹുൽ ഈശ്വറിനെ വർഷങ്ങൾക്ക് മുൻപേ മാറി നിന്ന് നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ മാത്രം ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.
രാഹുൽ ഈശ്വർ എന്നും പ്രതിനിധാനം ചെയ്തിരുന്നതും പ്രചരിപ്പിച്ചിരുന്നതുമെല്ലാം തീവ്രഹിന്ദുത്വമോ ഇസ്ളാമിക വിരോധമോ ഒന്നും അല്ല… രാഹുൽ ഈശ്വർ പ്രൊമോട്ട് ചെയ്തിരുന്നത് രാഹുൽ ഈശ്വറിനെ തന്നെ ആയിരുന്നു… അതിന് ലഭിച്ചിരുന്ന വേദികൾ സമർത്ഥമായി അദ്ദേഹം മാറി മാറി ഉപയോഗിച്ചിരുന്നു… ഒരിടത്ത് തീവ്ര ഹൈന്ദവത പറയുക, അടുത്തതായി നബിദിന റാലിയിൽ പങ്കെടുക്കുക, ബ്രാഹ്മണസഭയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ തന്നെ ദളിത് സംഘടനയുടെ പരിപാടിയിലും പങ്കെടുക്കുക തുടങ്ങിയ വിദഗ്ധമായ ഒരു ബാലൻസിങ് അദ്ദേഹത്തിനറിയാമായിരുന്നു… തീവ്ര ഹൈന്ദവത പറയുമ്പോഴും വാവര് സ്വാമിയെ ഉദാഹരിച്ച് മത സൗഹാർദ്ദത്തെ കുറിച്ചും സംസാരിക്കും. ഇപ്പോൾ പ്രചരിക്കുന്ന മദനിയുമായുള്ള ഫോട്ടോയുടെ കാര്യം തന്നെ എടുക്കുക… വർഷങ്ങൾക്ക് മുൻപേ മദനിയുടെ നീതിക്ക് വേണ്ടി രാഹുൽ ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്. ആ സ്ഥിതിക്ക് ഈ ഫോട്ടോയിൽ ഒരത്ഭുതവും ഇല്ല..
മലയാളി ഹൗസ് എന്ന പരിപാടിയിലൂടെ രാഹുൽ ഈശ്വറിന്റെ പ്രാധാന്യം നശിച്ചു എന്ന് പറഞ്ഞു നടന്നവർക്കിടയിലൂടെ തന്നെ രാഹുൽ ഈശ്വർ പുല്ല് പോലെ തിരിച്ചു വന്നിട്ടുണ്ട് എങ്കിൽ അത് അദ്ദേഹത്തിന്റെ കുറുക്കന്റെ ബുദ്ധിയുടെ ഉദാഹരണമാണ്. ഇവിടെ നിഷ്പക്ഷമായി സംസാരിച്ചിട്ട് നാഷണൽചാനലുകളിൽ വർഗീയ പരമായി രാഹുൽ സംസാരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം രാഹുലിന് കിട്ടുന്ന വേദികൾ വാർത്താപ്രാധാന്യം ലഭിക്കുന്ന സാഹചര്യമനുസരിച്ച് തന്റെSelf promotion ആയി ഉപയോഗിക്കുന്നു എന്ന് തന്നെയാണ്.
ചുരുക്കി പറഞ്ഞാൽ, രാഹുൽ ഈശ്വറിനെ തീവ്ര ഹൈന്ദവതയുടെ പ്രതിനിധി ആയോ, മതേതരത്വത്തിന്റെ പ്രതിനിധി ആയോ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് രാഹുൽ ഈശ്വറിന്റെ കുഴപ്പം അല്ല… കാരണം രാഹുൽ ഈശ്വർ എന്നും അദ്ദേഹത്തിന്റെ മാത്രം പ്രതിനിധി ആയിരുന്നു.
