
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടിനെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോ നടക്കുന്നതെന്ന് പറയാനാവില്ലെന്ന് അമിത് ഷാ നാഗ്പൂരില്‍ പ്രസംഗിച്ചു.

നേരത്തെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതു മുതല്‍ യു.ഡി.എഫ് സഖ്യകക്ഷിയായ മുസ്ലീം ലീഗിനെതിരെ ബി.ജെ.പി അഴിച്ചു വിടുന്ന വര്‍ഗീയ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് അമിത് ഷായുടെ പരാമര്‍ശം. ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയൊണ് നാഗ്പൂരില്‍ അമിത് ഷാ പാകിസ്താനാക്കി മാറ്റാന്‍ ശ്രമിച്ചത്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും മുസ്ലീം ലീഗിനെ വര്‍ഗീയ കക്ഷിയാക്കി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുസ്ലിം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഒരു വൈറസാണെന്നും രാഹുല്‍ ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നുമായിരുന്നു യോഗിയുടെ ട്വീറ്റ്.
