
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മനേക ഗാന്ധി. രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നാണ് മനേകയുടെ പരാമര്‍ശം.
രാഹുലിനെതിരെ രൂക്ഷമായി ആഞ്ഞടിച്ച മനേക, പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പ്രവര്‍ത്തകര്‍ പോലും അവര്‍ക്ക് ഒപ്പമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

യു.പിയിലെ സുല്‍ത്താന്‍പൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് മനേക ഗാന്ധി. ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. തന്‍റെ ഭര്‍ത്താവ് സഞ്ജയ് ഗാന്ധി രണ്ട് തവണ സുല്‍ത്താന്‍പൂരില്‍ നിന്നും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂര്‍ വിട്ടുകൊടുക്കാതെ മകന്‍ വരുണ്‍ ഗാന്ധിയും വിജയം സ്വന്തമാക്കി. അതിനാല്‍ തന്നെ ഇത്തവണയും ജയം ഉറപ്പാണ്- മനേക പറയുന്നു.
രാഹുൽ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേത്തിയുടെ തൊട്ടടുത്ത മണ്ഡലമാണ് സുൽത്താൻപൂർ. മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ യു.പിയിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുക. 2014- ലോക്സഭാ തെരഞ്ഞടുപ്പിൽ സുല്‍ത്താൻപൂരിൽ മത്സരിച്ച വരുൺ കോൺഗ്രസ് സ്ഥാനാർത്ഥി അമിത സിംഗിനെ പരാജയപ്പെടുത്തിയിരുന്നു.
