തിരുവനന്തപുരം: വിത്ത്, വളം, കീടനാശിനി തുടങ്ങിയ കാര്‍ഷികോല്‍പാദന ഉപാധികളുടെ ഗുണനിലവാര നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് പുതുതായി രൂപം കൊടുത്ത എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറാക്കിയ ഫെര്‍ട്ടിലൈസര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കായുളള കൈ പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍, 1985 പ്രകാരം സംസ്ഥാനത്ത് രാസ – ജൈവ വളങ്ങളുടെ ഉല്‍പാദനം, വിതരണം വില്‍പന എന്നിവയുടെ നിയന്ത്രണാധികാരം കൃഷി വകുപ്പില്‍ നിഷിപ്തമാണ്. കൃഷി വകുപ്പിലെ സാങ്കേതിക യോഗ്യതയുളള കൃഷി ഓഫിസര്‍മാരാണ് ഫെര്‍ട്ടിലൈസര്‍ ഇന്‍സ്‌പെക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്കാവശ്യമായ രാസവളങ്ങള്‍ യഥാസമയം ലഭ്യമാക്കുക, സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യേണ്ട രാസവളങ്ങള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയുക, വളങ്ങളുടെ ഗുണനിലവാരം നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളാണ് ഫെര്‍ട്ടിലൈസര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍വ്വഹിക്കുന്നത്.
ഇതിന് സഹായകരമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കൈപുസ്തകം തയ്യാറാക്കിയിക്കുളളത്. കൃഷി അഡീഷണല്‍ ഡയറക്ടര്‍ എസ്. ജനാര്‍ദ്ധനന്‍ ചെയര്‍മാനും കൃഷി അസി. ഡയറക്ടര്‍ സജിജോണ്‍ കണ്‍വീനറുമായ കമ്മറ്റിയാണ് ഇതു തയ്യാക്കിയത്. കൈപ്പുസ്തക പ്രകാശനം കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. കൃഷി ഡയറക്ടര്‍ എ. എം. സുനില്‍കുമാര്‍ മണ്ണ് സംരക്ഷണ പര്യവേഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ ഐ. എഫ്. എസ്. കൃഷി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. വി. മനോജ് പ്രൈസസ്‌ബോര്‍ഡ്് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, റിട്ട.കൃഷി അഡീഷണല്‍ ഡയറക്ടര്‍ എസ്. ജനാര്‍ദ്ദനന്‍, പ്ലാന്റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി.എ ബ്രിന്‍ഡ, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സജി ജോണ്‍, ജി. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാസ – ജൈവ വളങ്ങള്‍ക്ക് കര്‍ശന ഗുണനിലവാര നിയന്ത്രണം; ഫെര്‍ട്ടിലൈസര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുളള കൈപുസ്തകം പുറത്തിറക്കി