
കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ജെ.ഡി.എസും പരിശ്രമിക്കുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി മന്ത്രിയുടെ രാജി. സംസ്ഥാനത്തെ സ്വതന്ത്ര എം.എല്‍.എയായ എച്ച്. നാഗേഷാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഒരു മാസം മുൻപ് മാത്രമാണ് നാഗേഷ് കർണാടക മന്ത്രിസഭയുടെ ഭാഗമായത്. രാജി വെച്ച നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

മുള്‍ബാഗല്‍ മണ്ഡലത്തിൽ നിന്നുള്ള എം.എല്‍.എ.യായ നാഗേഷ് സഖ്യ സര്‍ക്കാര്‍ രൂപീകരണ സമയത്ത് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ താന്‍ ബി.ജെ.പിക്കൊപ്പമാണെന്ന് കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജെ.ഡി.എസ് ഇദ്ദേഹത്തെ അനുനയിപ്പിച്ച് ഒപ്പം കൂട്ടിയതും മന്ത്രിസ്ഥാനം നല്‍കിയതും. ഇപ്പോൾ രാജിവച്ച എം.എല്‍.എമാരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാന്‍ എന്തു വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നിലനിൽപ്പിനായി മന്ത്രിസഭ പുനസംഘടനയ്ക്ക് പോലും തയ്യാറാണെന്നാണ് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വര അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗം പരമേശ്വരയുടെ വീട്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടേക്ക് വിദേശത്തായിരുന്ന മുഖ്യമന്ത്രി കുമാരസ്വാമിയും എത്തിയിട്ടുണ്ട്. അതേസമയം തന്നെ, വിമത എം.എല്‍.എമാരുടെ യോഗം മുംബൈയില്‍ പുരോഗമിക്കുകയാണ്. കർണാടകത്തിൽ നിലവില്‍ ബി.ജെ.പിക്ക് 106, കോണ്‍ഗ്രസിനും ജെ.ഡി.എസിനും കൂടി 105 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. നിയമസഭാ സ്പീക്കറെ കൂടി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്.
