തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം ഭക്തിയുടെ ഭാഗമല്ലെന്നും ശബരിമലയിലെ പ്രതിഷേധക്കാരുടെ ഉദ്ദേശം മനസിലായിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഭക്തരെ ബലിയാടാക്കി ആര്‍.എസ്.എസ് രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭക്തര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ ക്ഷേത്രദര്‍ശനത്തിന് സൗകര്യമൊരുക്കണം എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഈ ഘട്ടത്തില്‍ അതിന് തടസ്സം സൃഷ്ടിക്കാന്‍ തയ്യാറായ ചിലരെ സ്വാഭാവികമായും അറസ്റ്റ് ചെയ്യേണ്ടതായി വന്നു. ദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്. സാധാരണ നിലയ്ക്ക് ശബരിമലയില്‍ ഭക്ത്യാദര പൂര്‍വമാണ് വിശ്വാസികള്‍ സമീപിക്കുന്നത്. എന്നാല്‍ ആ ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയാണ് സംഘപരിവാര്‍. തടഞ്ഞത് നേരത്തെ ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചവരേയും അതിനായി മാത്രം എത്തിയവരേയുമാണ്. ഒരു യഥാര്‍ത്ഥ ഭക്തരെയും ഇതുവരെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനുള്ള ക്രമീകരണങ്ങള്‍ മാത്രമാണ് ശബരിമലയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി സംഘപരിവാര്‍ പാവപ്പെട്ട ഭക്തരെ എന്തിനാണ് ബലിയാടാക്കുന്നത്. എന്തിനാണ് അവരെ ഉപദ്രവദിക്കുന്നത്. രാഷ്ട്രീയമായ കാര്യമാണെങ്കില്‍ നമ്മള്‍ തമ്മില്‍ നോക്കിയാല്‍ മതിയല്ലോ. രാഷ്ട്രീയസമരമാണെങ്കില്‍ ശബരിമലയെ സമരവേദിയാക്കേണ്ടല്ലോയെന്ന് മുഖ്യമന്ത്രി ചേദിച്ചു. ആര്‍.എസ്.എസിന്റെ സമരം സെക്രട്ടറിയേറ്റിന് മുന്നിലാക്കാം. എന്തിനാണ് ശബരിമല വേദിയാക്കുന്നത്. ആശയപരമായ പ്രശ്നമാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ നമ്മള്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നതാണല്ലോ. ശബരിമലയിലെ അയ്യപ്പ ഭക്തരെ നിങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗപ്പെടുത്തരുത്. വിശ്വാസത്തിന്റെ പ്രശ്നമല്ല, രാഷ്ട്രീയമായ താത്പര്യമാണ് ഇവരെ നയിക്കുന്നതെന്നും പിണറായി പറഞ്ഞു. അതേസമയം ബി.ജെ.പിക്കും ആര്‍.എസ്.എസിനുമൊപ്പം കോണ്‍ഗ്രസ് നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാഷ്ട്രീയമായ കാര്യമാണെങ്കില്‍ നമ്മള്‍ തമ്മില്‍ നോക്കിയാല്‍ മതിയല്ലോ; ഭക്തരെ എന്തിന് ബുദ്ധിമുട്ടിക്കണം; ഇപ്പോള്‍ കാണുന്ന സമരം ഭക്തിയുടെ ഭാഗമല്ല; ഭക്തരെ ബലിയാടാക്കി ബി.ജെപി രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുന്നുവെന്ന് പിണറായി