
ചെന്നൈ: തന്‍റെ 63ആം ജന്മദിനത്തില്‍ കമല്‍ ഹാസനില്‍ നിന്നും ആരാധകരും ജനങ്ങളും പ്രതീക്ഷിച്ചതുപോലെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടായില്ല. പകരം, തല്‍ക്കാലം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നില്ലെന്നും തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കും. രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട് എന്നും കമല്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ ലക്ഷ്യത്തിലേക്കായി തമിഴ് മക്കളുമായി സംവദിക്കാന്‍ ‘മയ്യം വിസില്‍’ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ കമല്‍ പുറത്തിറക്കി.

എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആര്‍ക്കുവേണമെങ്കിലും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതുവഴി നീതി ലഭ്യമാക്കാമെന്നും കമല്‍ തന്‍റെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമല്‍ ചെന്നൈയില്‍ പറഞ്ഞു. ചെന്നൈയിലെ ശക്തമായ മഴ പ്രമാണിച്ച് പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്നും കമല്‍ തീരുമാനിച്ചിരുന്നു. നേരത്തേ, കമല്‍ ഹാസന്‍ നവംബര്‍ ഏഴിന് പാര്‍ട്ടി രൂപീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
