ന്യൂഡല്‍ഹി: രാമായണത്തിലെ ചരിത്ര സത്യങ്ങള്‍ തെളിവുകളുടെ പശ്ചാത്തലത്തില്‍ സാക്ഷ്യപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഗവേഷകന്‍മാര്‍. ഭാരതത്തില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടലിലൂടെ പാലം തീര്‍ത്താണ് രാമ ലക്ഷ്മണന്മാരും സംഘവും ലങ്കയിലെത്തിയതെന്നാണ് രാമായണം പറയുന്നത്. രാമ ലക്ഷ്മണന്മാരുടെ നേതൃത്വത്തിലുള്ള സംഘം ഏറെ പണിപ്പെട്ടാണ് ലങ്കയിലേക്ക് പാലം നിര്‍മ്മിച്ചത്. പിന്നീട് ഈ പാലം താണ്ടി ലങ്കയിലെ രാവണന്റെ കൊട്ടാരത്തിലും അശോകവനത്തിലും വാനരസേന കടന്ന് ചെന്ന് യുദ്ധത്തിനൊടുവില്‍ സീതയെ മോചിപ്പിച്ച സംഭവങ്ങള്‍ രാമായണത്തില്‍ വിശദമായി പരാമര്‍ശിക്കുന്നു. കാലാന്തരത്തില്‍ ഈ പാലത്തെ കടലെടുക്കുകയായിരുന്നു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിനടിയില്‍ കിടക്കുന്നുണ്ടെന്ന് ഗവേഷകര്‍ ഏറെ കാലം മുന്‍പേ സ്ഥാപിക്കുകയുണ്ടായി. അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ലഭിച്ചതായി അടുത്ത കാലത്ത് പുറത്തു വന്ന ഗവേഷക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രാമസേതു മനുഷ്യനിര്‍മ്മിതമാണോ പ്രകൃതിദത്തമാണോ എന്നറിയാന്‍ ഗവേഷണത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.

രാമസേതു പൈലറ്റ് പ്രോജക്ട് എന്ന പേരില്‍ ഗവേഷണം നടത്തുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചാണ്(ഐ.സി.എച്ച്.ആര്‍). ഇതിനായി സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ ഒരുങ്ങുകയാണിവര്‍. രാമസേതുവിനെ കുറിച്ച് റിമോട്ട് സെന്‍സിംഗ് വഴിയും മറ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരവും ലഭിക്കുന്നത് വ്യത്യസ്തമായ വിവരങ്ങളാണ്. തമിഴ്‌നാട്ടിലെ പാമ്പന്‍ ദ്വീപിനും ശ്രീലങ്കയുടെ മാന്നാല്‍ ദ്വീപിനും ഇടയിലുള്ള രാമസേതുവിനെ കുറിച്ചുള്ള വസ്തുതാപരമായ തെളിവുകളാണ് തേടുന്നതെന്നും ഐ.സി.എച്ച്.ആര്‍ ചെയര്‍മാന്‍ സുദര്‍ശന്‍ റാവു പറയുന്നു. 2002ല്‍ നാസ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും ഇതൊരു മനുഷ്യനിര്‍മ്മിത ഘടനയാണെന്നാണ് വിലയിരുത്തിയത്. അതേസമയം ഭാരതീദാസന്‍ സര്‍വകലാശാല, സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗിലെ സംഘം രാമാനന്ദപുരം- പാമ്പന്‍ പ്രദേശത്തെ കടല്‍ത്തീരങ്ങളില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗില്‍ രാമയാണത്തില്‍ പറയുന്ന കാലവുമായി രാമസേതുവിന് ബന്ധമുണ്ടെന്ന് വാദിക്കുന്നു. പുതിയ ഗവേഷണം വിജയമായാല്‍ സമാനമായ ഒരു ഗവേഷണം ഗുജറാത്ത് തീരത്തെ ദ്വാരകയിലും നടത്താനുള്ള തീരുമാനത്തിലാണ് ഐ.സി.എച്ച്.ആര്‍. അങ്ങനെയാണെങ്കില്‍ ശ്രീകൃഷ്ണന്റെ ദ്വാരകാപുരിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതോടെ വെളിപ്പെടും.