നിലയ്ക്കല്‍ (പത്തനംതിട്ട): ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ശബരിമലയില്‍ലേക്ക് മലകയറാന്‍ ഇരുമുടികെട്ടുമായി രാത്രിയോടെ എത്തിയതും മരക്കൂട്ടത്ത് വെച്ച് പോലീസ് ഇവരെ തടഞ്ഞതും എല്ലാം ഒരു നാടകമാണോ..? പോലീസിൻ്റെ കര്‍ശന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ഏറെ വൈകി പുലര്‍ച്ചെയാണ് പമ്പ പോലീസ് കെ.പി ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മരക്കൂട്ടത്ത് വെച്ച് പോലീസ് തടഞ്ഞെങ്കിലും ഇവര്‍ സന്നിധാനത്തേക്ക് പോകണമെന്ന് വാശിപിടിച്ചതാണ് പോലീസിനെ അറസ്റ്റിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്.പുലര്‍ച്ച രണ്ടുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ശശികലയെ റാന്നി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊണ്ട പോലീസ് കൂടുതല്‍ മുന്‍കരുതലിൻ്റെ ഭാഗമായാണ് റാന്നിയിലേക്ക് മാറ്റിയത്. റാന്നിയില്‍ ഇപ്പോഴും പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. അതിനിടെ പെട്ടന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനത്തെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. കെ.എസ്ആര്‍.ടി.സി ബസ്സ് പോലും സര്‍വീസ് നടത്താത്തതും ജനങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിയാകുന്നുണ്ട്.
പോലീസ് സംരക്ഷണം വേണം എന്നാണ് കെ.എസ് ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നത്. ഇത് നല്‍കാന്‍ പൊലീസിന് പരിമിതികളുണ്ട്. ഹര്‍ത്താല്‍ സംസ്ഥാന വ്യാപകമെന്നിരിക്കെ അക്രമങ്ങള്‍ പലയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാത്രി പതിനൊന്ന് മണിമുതല്‍ക്കെ കെ.എസ്.ആര്‍.ടി.സി ബസ്സുകളെ ആക്രമിക്കാന്‍ തുടങ്ങിയതും സംഘപരിവാര്‍ ആസൂത്രിത ശ്രമമോ എന്ന സംശയത്തിൻ്റെ ആഴം വര്‍ധിപ്പിക്കുന്നതാണ്. ഒന്നെങ്കില്‍ പോലീസിലെ ഒരുവിഭാഗത്തിൻ്റെ ഒത്താശയോടെ നടത്തിയ നാടകമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. അല്ലങ്കില്‍ സംഘപരിവാര്‍ സംഘങ്ങളുടെ ആസൂത്രിത അജണ്ട. സംസ്ഥാനപോലീസിലെ ഒരുവിഭാഗം പോലീസുകാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം ശബരിമലയിലിരിക്കെ സംസ്ഥാനത്തിൻ്റെ അങ്ങോളമിങ്ങോളമുള്ള പോലീസ് സേനയില്‍ ആള്‍ ബലം കുറവുള്ള സമയത്ത് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത് പൊലീസിന് തലവേദനയുണ്ടാക്കി. ഇതൊക്കെയും കലാപത്തിനുള്ള ഗൂഡ ശ്രമമാണെന്നാണ് പൊലീസിലെ തന്നെ ഒരു വിഭാഗം പറയുന്നത്. സര്‍ക്കാരിനെ പരാജയപെടുത്താനുള്ള ശ്രമത്തെ പിണറായി സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന് കണ്ടറിയാം.
രാത്രിയോടെ മലകയറാനുള്ള വാശിയും പോലീസിൻ്റെ ഇടപെടലും; പുലര്‍ച്ചയോടെ രേഖപ്പെടുത്തിയ അറസ്റ്റും പെട്ടന്ന് പ്രഖ്യാപിച്ച ഹര്‍ത്താലും; എല്ലാം ഒരു നാടകമോ..?