
തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമാകാന്‍ തിരുവനന്തപുരവും ഒരുങ്ങുന്നു. ഇന്ത്യന്‍ പര്യടനത്തിനായി എത്തുന്ന ശ്രിലങ്കയുടെ മല്‍സരങ്ങളിലൊന്നിന്റെ വേദിയായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. തിരുവനന്തപുരത്തിനൊപ്പം തന്നെ അസമിലെ ബര്‍സാപാരയും പുതിയ സ്റ്റേഡിയമായി ബി.സി.സി.ഐ പരിഗണിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ഇന്നു നടക്കുന്ന ബി.സി.സി.ഐ ടൂര്‍സ് ആന്‍ഡ് ഫിക്സ്ചേഴ്സ് കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അതേസമയം ടെസ്റ്റ് സാധ്യതയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചു.കൊല്‍ക്കത്ത, ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, മൊഹാലി തുടങ്ങിയ പരമ്പരാഗത വേദികള്‍ക്ക് ഹോം സീസണില്‍ ഏകദിനങ്ങളും ട്വന്റി-20യും ലഭിക്കാനാണ് സാധ്യത. ചില വേദികള്‍ ഒന്നില്‍ കൂടുതല്‍ മല്‍സരങ്ങള്‍ക്കും വേദിയാകും.

സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 23 രാജ്യാന്തര മല്‍സരങ്ങളാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ലങ്കയുമായുള്ളത്. നേരത്തെ ദേശീയ ഗെയിംസിന്റെ ഭാഗമായി തയ്യാറാക്കിയ സ്റ്റേഡിയമാണിത്. അഞ്ച് ലക്ഷത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാനുള്ള സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ മീഡിയ റൂം, കളിക്കാര്‍ക്കുള്ള ഡ്രസിംഗ് റൂമുകള്‍ ,വിഐപി എന്‍ക്ലോഷറുകള്‍, ഇന്‍ഡോര്‍ കോട്ടുകള്‍ , സ്വിമ്മിംഗ് പൂളുകള്‍, സ്‌ക്വാഷ് കോര്‍ട്ടുകള്‍, ഔട്ട്ഡോര്‍ ക്രിക്കറ്റ് നെറ്റുകള്‍ എന്നിവയ്ക്കും പുറമെ കണ്‍വെന്‍ഷന്‍ ,കോണ്‍ഫറന്‍സ് സെന്ററുകള്‍,വിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവയൊക്കെ സ്റ്റേഡിയത്തിലുണ്ട്. കെ.സി.എയുടെയും കെ.എസ.്എഫ്.എല്ലിന്റെയും മൂന്ന് വീതം പ്രതിനിധികളടങ്ങിയ കമ്മറ്റിയാണ് കരാര്‍ കാലാവധി സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് .
