
പട്ന: രാജ്യത്ത് പച്ചപ്പതാകകൾ തെരഞ്ഞെടുപ്പുകമ്മിഷൻ നിരോധിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരേ ആഞ്ഞടിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. താങ്ങിനെയെങ്കിൽ ദേശീയപതാകയിലെ പച്ചനിറവും നിരോധിക്കണമെന്നാണോ ബി.ജെ.പി. നേതാവ് ആഗ്രഹിക്കുന്നതെന്ന് തേജസ്വി ചോദിച്ചു.

ചില മുസ്‌ലിം സംഘടനകൾ ഉപയോഗിക്കുന്ന പച്ച നിറമുള്ള പതാകയ്ക്ക് പാകിസ്താൻ പതാകയോട് സാമ്യമുണ്ടെന്നും അവ വെറുപ്പും വിദ്വേഷവും പടർത്തുകയാണെന്നും അതിനാൽ അവ നിരോധിക്കണമെന്നുമാണ് ബിഹാറിലെ ബെഗുസരായിൽ സ്ഥാനാർത്ഥിയായ ഗിരിരാജ് സിങ് തെരഞ്ഞെടുപ്പുകമ്മിഷനോട് ആവശ്യപ്പെട്ടത്.
“ദേശീയപതാകയിലെ പച്ചനിറവും ഒഴിവാക്കണമോയെന്ന് ഗിരിരാജ് ജനങ്ങളോട് പറഞ്ഞേ പറ്റൂ. ആർ.എസ്.എസിന്‍റെയും ബി.ജെ.പി.യുടെയും സജീവപ്രവർത്തകനായ സിങ്ങിന് ത്രിവർണപതാകയ്ക്കുപകരം കാവിപ്പതാക കൊണ്ടുവരണമെന്നാണാഗ്രഹം. എന്നാൽ, ഈ രാജ്യത്തെ ജനങ്ങൾ അതനുവദിക്കില്ല. പച്ചയും വെള്ളയും കാവി നിറവുമുള്ള ത്രിവർണ പതാകയ്ക്കുവേണ്ടി നമ്മൾ പോരാടും” -തേജസ്വി പറഞ്ഞു.
