രാജ്യത്ത് നടക്കുന്നത് ചരിത്ര സന്ദര്‍ഭം; ഭരണഘടനാ സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ ആരുമായും കൈകോർക്കുമെന്ന് സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് നടക്കുന്നത് ചരിത്ര സന്ദര്‍ഭം; ഭരണഘടനാ സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ ആരുമായും കൈകോർക്കുമെന്ന് സി.പി.എം

ഭരണഘടനാ സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനാധിപത്യ–മതനിരപേക്ഷ കക്ഷികളുമായി അണിചേർന്നു നീങ്ങാൻ സി.പി.എം. ഈ വിശാല ഐക്യനിര പക്ഷേ തിരഞ്ഞെടുപ്പു സഖ്യമല്ലെന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.ത്രിപുര മുൻമുഖ്യമന്ത്രി മണിക് സർക്കാരിന്‍റെ അധ്യക്ഷതയിൽ വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിന്‍റെ അധ്യക്ഷ വേദിയിൽ യെച്ചൂരിയെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.

പൗരത്വനിയമത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിട്ടതു ഹിന്ദു ധ്രുവീകരണമാണെന്നും എന്നാൽ അപ്രതീക്ഷിത പ്രതികരണമാണ് അവർ നേരിടുന്നതെന്നും മൂന്നു ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി(സി.സി)യുടെ ആദ്യദിനം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ട് വിലയിരുത്തി. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാൻ യുവത്വം സമരരംഗത്താണ്. ഇതു ചരിത്ര സന്ദർഭമാണ്. യുവാക്കളുടെ പോരാട്ടവീര്യത്തെ മോദി സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള സമരമായി മാറ്റാൻ രാഷ്ട്രീയകക്ഷികൾ ശ്രമിക്കണം–റിപ്പോർട്ട് നിർദേശിക്കുന്നു.

ഇക്കാര്യത്തിൽ സി.പി.എമ്മിനു വഹിക്കാൻ കഴിയുന്ന പങ്കാണു സി.സി യോഗത്തിന്‍റെ മുഖ്യ അജൻഡ.
ജനുവരി 13 ന് ചേർന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗം പ്രതീക്ഷ പകരുന്ന തുടക്കമായി സി.സി വിലയിരുത്തി. അതിൽ നിന്നു വിട്ടുനിന്നവരും സംസ്ഥാനങ്ങളിൽ സമരത്തിലാണ് എന്നതിനാൽ ഭാവിയിൽ അവരും ഒരുമിച്ചു വരാനുള്ള സാധ്യതയാണു സി.പി.എം കാണുന്നത്. വിശാല ഐക്യനിരയെ തിരഞ്ഞെടുപ്പു കണ്ണിലൂടെ കാണുന്നതു കേരളത്തിലിരുന്നു കാര്യങ്ങൾ വീക്ഷിക്കുന്നതിന്‍റെ പ്രശ്നമാണെന്നു കേന്ദ്ര കമ്മിറ്റിക്കിടയിൽ മാധ്യമങ്ങളെ കണ്ട യെച്ചൂരി പറഞ്ഞു.

ഉത്തരേന്ത്യ കലങ്ങിമറിയുകയാണ്. തിരഞ്ഞെടുപ്പിൽ എന്തു വേണം എന്നത് അപ്പോൾ മാത്രം ആലോചിക്കേണ്ട കാര്യമാണ്. ലീഗ്– സിപിഎം സഹകരണം സംബന്ധിച്ച അഭ്യൂഹങ്ങൾ യെച്ചൂരി തള്ളി. യു.ഡി.എഫും എൽ.ഡി.എഫും കേരളത്തിൽ വ്യത്യസ്ത സമരങ്ങൾ നടത്തുകയാണെന്നും യെച്ചൂരി പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ സമരത്തിൽ ലീഗിനെ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ല. സംയുക്ത സമരത്തിൽ നിന്ന് എന്തുകൊണ്ട് യു.ഡി.എഫ് പിന്നീടു പിന്മാറി എന്ന് അവരോടാണു ചോദിക്കേണ്ടത്.‘‘ഞങ്ങൾ ക്ഷണിച്ചു. അവർ വന്നു, പിന്നീട് അവർ പോയി. കാരണം അവർക്കേ അറിയൂ’’∙

0Shares