രാജ്യത്തേക്കാളും സ്നേഹം പരസ്യദാതാവിനോടാണോ? പത്ര സ്ഥാപനത്തിനെതിരെ സോഷ്യല്‍ മീഡിയ ആഞ്ഞടിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തേക്കാളും സ്നേഹം പരസ്യദാതാവിനോടാണോ? പത്ര സ്ഥാപനത്തിനെതിരെ സോഷ്യല്‍ മീഡിയ ആഞ്ഞടിക്കുന്നു

തിരുവനന്തപുരം: മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ആദ്യ പേജില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പരസ്യത്തില്‍ ദൃശ്യമായ അക്ഷന്തവ്യമായ ഒരു തെറ്റ് സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാകുന്നു. കേരളത്തിനകത്തും പുറത്തും നിരവധി ശാഖകളുള്ള ഒരു പ്രമുഖ സ്വര്‍ണ്ണാഭരണ ശാലയുടെ പരസ്യത്തില്‍ സംഭവിച്ച അശ്രദ്ധയാണ് ഇത്തരത്തില്‍ ഒരു വലിയ തെറ്റിലേക്കും അതുവഴി വിവാദത്തിലേക്കും വഴിതെളിച്ചത്. പത്രത്തിലെ പരസ്യത്തില്‍ കാണുന്നത് പോലെ എല്ലാ രാജ്യങ്ങളുടെയും ദേശീയ പതാകകളുടെ ചിത്രങ്ങള്‍ ശരിയായ വിധത്തില്‍ നല്‍കിയപ്പോള്‍ സ്വന്തം രാജ്യത്തിന്റെ പതാകാ ചിത്രത്തില്‍ പ്രഥമ ദൃഷ്ട്യാ തന്നെ എടുത്ത് കാണിക്കുന്ന പോരായ്മയാണ് വായനക്കാരെ പ്രകോപിതരാക്കിയത്. പരസ്യത്തിലെ ദേശീയ പതാകയില്‍ അശോക ചക്രം കാണാനില്ല, പകരം മുവര്‍ണ്ണങ്ങള്‍ മാത്രം.

അശോക ചക്രമില്ലാതെ ഇന്ത്യയുടെ ദേശീയ പതാക പൂര്‍ണ്ണമാകില്ലെന്ന തിരിച്ചറിവാണ് വായനക്കാരെ കുപിതരാക്കിയത്. ഇത് ശ്രദ്ധയില്‍ പെട്ട വായനക്കാര്‍ പത്രം ഓഫിസില്‍ വിളിച്ച് കാര്യം തിരക്കുന്ന സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാവിലെ ഒരു വായനക്കാരന്‍ ഫോണ്‍ ചെയ്ത് അറിയിച്ചപ്പോഴാണ് പത്രം ഓഫീസിലെ ഉത്തരാവാദപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഇത്തരം ഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലില്‍ ശ്രമിക്കാമെന്നും മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരം അറിയിക്കാമെന്നും ഓഫീസില്‍ ഉള്ളവര്‍ പറഞ്ഞെങ്കിലും വായനക്കാരന്‍ പത്രത്തിനെതിരെ ധാര്‍മിക രോഷം കൊണ്ട് ഉറഞ്ഞ് തുള്ളുകയായിരുന്നു. പത്ര സ്ഥാപനത്തിനെതിരെ നിയമ നടപടി കൈക്കൊള്ളാന്‍ താന്‍ മുന്നിട്ടിറങ്ങുമെന്നും വേണമെങ്കില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ സമീപിക്കാന്‍ ഒരുക്കമാണെന്നും ഈ വായനക്കാരന്‍ പത്രമോഫിസിലെ അധികൃതരോട് പറഞ്ഞു. ദേശീയ ഗാനവുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുന്നതിനിടയിലാണ് ദേശീയ പതാകയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം ഇപ്പോള്‍ തലപൊക്കുന്നത്.

0Shares