
ന്യൂഡൽഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ നടത്താനുള്ള അവകാശം അദാനി ഗ്രൂപ്പിന് ഉടൻ ലഭിക്കും. നിലവിൽ ഈ വിമാനത്താവളങ്ങളിലുള്ള ജീവനക്കാർക്ക് സംസ്ഥാനത്തിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തുടരുകയോ അദാനി എന്റർപ്രൈസസിൽ ചേരുകയോ ചെയ്യാം.

അഹമ്മദാബാദ്, ലക്നൗ, ജെയ്പുർ, ഗുവാഹട്ടി, തിരിുവനന്തപുരം, മംഗലാപുരം എന്നീ വിമാനത്താവളങ്ങളാണ് 50 വർഷത്തെ നടത്തിപ്പിന് അദാനി ലേലത്തിൽ പിടിച്ചത്. മോഡി രണ്ടാമതും അധികാരത്തിലെത്തിയതോടെ ഇതുസംബന്ധിച്ച് തീരുമാനം അടുത്തമാസത്തോടെ ഉണ്ടാകും.
ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചതോടെ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവർഷം 1,300 കോടി ലഭിക്കും. ഈ തുകകൊണ്ട് മറ്റ് വിമാനത്താവളങ്ങൾ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഈ ഏറ്റെടുക്കലിന് എതിരെ തിരുവനന്തപുരത്ത് അടക്കം സി.പി.എം പ്രവർത്തകർ വൻ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
