കൊച്ചി: എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം പതിപ്പ് ‘ബാഹുബലി-2’ ന്റെ പ്രദര്‍ശനം തുടങ്ങി. രാജ്യ വ്യാപകമായി 6500 ലധികം സ്‌ക്രീനിലുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെ പ്രദര്‍ശനവും ഉള്‍പ്പെടുത്തിയാല്‍ 9000 ത്തിലധികം സ്‌ക്രീനുകളില്‍ ബാഹുബലി 2 പ്രദര്‍ശപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 250 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ ചിത്രം റിലീസിന് മുമ്പേ 500 കോടി നേടി എന്നതും ബഹുബലിയുടെ മാത്രം നേട്ടമാണ്.

ആദ്യ പ്രദര്‍ശനം കണ്ട് ഇറങ്ങിയവര്‍ ചിത്രത്തെക്കുറിച്ച് നല്ല പ്രതികരണമാണ് നടത്തിയത്. ഒന്നാം പതിപ്പിനെക്കാളും മികച്ചതാണ് രണ്ടാം പതിപ്പെന്നും നിരവധി പേര്‍ പറഞ്ഞു. എന്നാല്‍ നിര്‍മ്മാതാകളും വിതരണക്കാരും തമ്മിലുള്ള അസ്വാരസങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആദ്യ പ്രദര്‍ശനം മുടങ്ങിയതും സിനിമാ ആരാധകരെ നിരാശപ്പെടുത്തി. ആദ്യ പ്രദര്‍ശനത്തിനായി ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുകയാണ് ഉണ്ടായത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവരും നിരവധിയാണ്. ആന്ധ്രയിലും തമിഴ്‌നാട്ടിലും ടിക്കറ്റിനായി കിലോ മീറ്ററുകളോളം കാത്തുനിന്ന ആരാധകരും നിരവധിയാണ്. ഇന്ത്യ കണ്ടതില്‍ വെച്ച് എറ്റവും വലിയ ചിത്രമായ ബാഹുബലി 2 ആമീര്‍ഖാന്റെ പി.കെ അടക്കം പല വമ്പന്‍ ചിത്രങ്ങളുടെയും റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് സിനിമാ ലോകം കരുതുന്നത്.