
ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുല്‍വാമയിലെ ഭീകരാക്രമണം, ബാലാകോട്ട് ആക്രമണം, വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് തുടങ്ങിയ കാര്യങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് തടയാന്‍ അടിയന്തിരമായി തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്ന് നാവികസേനാ മുന്‍ മേധാവി എല്‍.രാംദാസ്. ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയ്ക്കെഴുതിയ തുറന്ന കത്തിലാണ് രാജ്യത്തെ സൈനികരെയും അവരുടെ നേട്ടത്തെയുമെല്ലാം രാഷ്ട്രീയ ലാഭത്തിനായി ചില പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിലുള്ള തന്റെ ആശങ്ക അദ്ദേഹം വ്യക്തമാക്കിയത്.

രാഷ്ട്രീയ താത്പര്യത്തിനായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സൈനികരുടെ നേട്ടങ്ങള്‍ ഉപയോഗിക്കുന്നത് രാജ്യത്തെ സൈനികവിഭാഗങ്ങളുടെ അടിത്തറയിളക്കുന്നതും സൈനിക വിഭാഗങ്ങളുടെ ലക്ഷ്യത്തിനും, ആദര്‍ശത്തിനും തകര്ച്ചയുണ്ടാക്കുന്നതാണെന്നും അദ്ദേഹം തന്റെ കത്തില്‍ അഭിപ്രായപ്പെട്ടു.
തന്നെപ്പോലെ തന്നെ രാജ്യത്തെ വിരമിച്ച പല സൈനികര്‍ക്കും ഇത്തരം പ്രവര്‍ത്തികളില്‍ കടുത്ത പ്രതിഷേധമുണ്ട്. അതുകൊണ്ട് തന്നെ സൈന്യത്തിന്റെ ചിത്രങ്ങളും സൈന്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയുന്നതിനായി കമ്മീഷന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
