രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍


ദോഹ: ആറോളം ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കു ശേഷം ആദ്യമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍-താനി രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറെന്ന് അറിയിച്ചു. ഉപരോധം സംബന്ധിച്ച് ആദ്യമായാണ് ഒരു പ്രസ്താവന ഖത്തറിന്റെ ഭാഗത്തുനിന്നും ജനങ്ങൾക്ക് ലഭിക്കുന്നത്. ഖത്തറിനെതിരെ വിദ്വേഷമുളവാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അഴിച്ചുവിട്ട ചിലരുടെ നീക്കങ്ങളെ കടുത്ത ഭാഷയില്‍ അമീര്‍ അപലപിക്കുകയും അതിനെതിരെ ചെറുത്ത് നില്‍പ് നടത്തിയ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രത്യേക നന്ദിയും അറിയിച്ചു. ഉപരോധങ്ങള്‍ക്കു ശേഷവും ഖത്തര്‍ സാധാരണനിലയില്‍ തന്നെ മുന്നോട്ട് പോയെന്നും എന്നാല്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റിന്‍ അടക്കം ഏഴോളം രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ വിധ ബന്ധങ്ങളും അവസാനിപ്പിച്ചത്. തുടര്‍ന്ന് കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളുടെ നിരന്തര മധ്യസ്ഥ ചര്‍ച്ചയ്‌ക്കൊടുവില്‍ ഉപാധികളോടെ ഉപരോധം പിന്‍വലിക്കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറായെങ്കിലും രാജ്യത്തെ പരമാധികാരത്തില്‍ കടന്നു കയറ്റം നടത്തുന്ന ഒരു ഉപാധികള്‍ക്കും തയ്യാറല്ലെന്ന കടുത്ത നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. ഇതോടെ നിബന്ധനകള്‍ മയപ്പെടുത്താന്‍ രാജ്യങ്ങള്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഉപരോധത്തില്‍ യു. എ. ഇയുടെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതും ഈ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ഉപരോധം ഏതുവിധേനെയും അവസാനിപ്പിക്കാനുള്ള മധ്യസ്ഥ രാജ്യങ്ങളുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ്ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്ത് ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ ഖത്തര്‍ തയ്യാറായതെന്നാണ് സൂചന.

0Shares